ഒരുമാസം നീണ്ടുനിന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിൻ്റെ സമാപനത്തോട് അനുബന്ധിച്ച് നടന്നുവരാറുള്ള ദുബായ് റൺ നവംബർ 24ന്. ഷെയ്ഖ് സായിദ് റോഡിലെ പ്രധാന പോയിൻ്റുകൾ കേന്ദ്രീകരിച്ചാണ് ദുബായ്റൺ സംഘടിപ്പിക്കുക. കഴിഞ്ഞ വർഷം രണ്ടുലക്ഷം പേരാണ് ദുബായ് റണ്ണിൽ പങ്കെടുത്തത്. ഇക്കുറി ഓട്ടക്കാർ, ജോഗർമാർ, വാക്കർമാർ എന്നിങ്ങനെ കൂടുതൽ പേർ ദുബായ് റണ്ണിൽ പങ്കെടുക്കുമെന്നാണ് നിഗമനം.
ദുബായ് റണ്ണിൽ പങ്കെടുക്കുന്ന തുടക്കക്കാർക്കും കുടുംബങ്ങൾക്കും 5 കി.മീ ഓട്ടം, പരിചയസമ്പന്നരായ ഓട്ടക്കാർക്ക് കൂടുതൽ വെല്ലുവിളി നിറഞ്ഞ 10 കി.മീ. എന്നിങ്ങനെ രണ്ട് റൂട്ടുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. അഞ്ച് കിലോമീറ്റർ റൂട്ട് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപമുള്ള ഷെയ്ഖ് സായിദ് റോഡിൽ ആരംഭിച്ച് ബുർജ് ഖലീഫയും ദുബായ് ഓപ്പറയും കടന്ന് ദുബായ് മാളിനടുത്ത് അവസാനിക്കും. 10 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ട് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപം ആരംഭിച്ച് ഷെയ്ഖ് സായിദ് റോഡിലൂടെ ദുബായ് കനാൽ ബ്രിഡ്ജ് ലൂപ്പുകൾ കടന്ന് DIFC ഗേറ്റിന് സമീപം അവസാനിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ dubairun.com വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ദുബായിലെ താമസക്കാർക്കും സന്ദർശകർക്ക് പങ്കെടുക്കാൻ അവസരമുണ്ട്. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവരുടെ മേൽനോട്ടം ആവശ്യമാണ്. പങ്കെടുക്കുന്നവർ എമർജൻസി കോൺടാക്റ്റ് നമ്പർ നൽകുകയും റൂട്ട് പൂർത്തിയാക്കാൻ കഴിയുമെന്ന് സ്ഥിരീകരിക്കുകയും വേണം.
അഞ്ച് കിലോമീറ്റർ ഓട്ടത്തിന് രാവിലെ 4 മുതൽ 8 വരെ എത്തിച്ചേരാനാകും. 10 കിലോമീറ്റർ ഓട്ടത്തിന് 4 നും 7.30 നും ഇടയിലുള്ള സമയമാണ് അനുവദിക്കുക. ദുബായ് റൺ നടക്കുന്ന പ്രദേശങ്ങളിൽ അന്നേ ദിവസം ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം പുലർച്ചെ 4 മണിക്ക് ആരംഭിച്ച് രാവിലെ 10 മണിവരെ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
പരിപാടിയോട് അനുബന്ധിച്ച് ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വാഹനങ്ങൾക്ക് ബദൽ റൂട്ടുകൾ പ്രഖ്യാപിക്കും. ഓട്ടത്തിൽ പങ്കെടുക്കുന്നവർക്ക് മെട്രോയിൽ യാത്ര ചെയ്ത് ദുബായ് വേൾഡ് ട്രേഡ് സെൻ്റർ സ്റ്റേഷനിൽ ഇറങ്ങാനും അവസരമൊരുക്കും.
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ സംരംഭമായ ദുബായ് ഫിറ്റ്നസ് ചലഞ്ചിൻ്റെ (ഡിഎഫ്‌സി) ഭാഗമാണ് ദുബായ് റൺ. ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് 30 ദിവസം 30 മിനിറ്റ് വീതം വ്യായാമത്തിന് മാറ്റിവയ്ക്കുന്ന ദുബായ് ഫിറ്റനസ് ചലഞ്ചിന് 2017ലാണ് തുടക്കമായത്.