ജീവനക്കാർക്ക് ശമ്പളം നൽകാനില്ലാത്തതിനാൽ ദുബായ് ഹെൽത്ത് കെയർ സെന്ററിലെ ഉപകരണങ്ങൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടു. ഡോക്‌ടർമാരും നഴ്‌സുമാരും കടക്കാരും ഉൾപ്പെടെയുള്ളവർക്ക് നൽകാൻ പണമില്ലാത്തതിനേത്തുടർന്നാണ് കോടതി ഹെൽത്ത് കെയർ ഫെസിലിറ്റിയിലെ ഉപകരണങ്ങൾ പിടിച്ചെടുക്കാൻ ഉത്തരവിട്ടത്.
ക്ലിനിക്കിലെ എല്ലാ മെഡിക്കൽ ഉപകരണങ്ങളും ഫർണിച്ചറുകളും കോടതി തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എക്‌സ്‌റേ മെഷീനുകൾ, ഓട്ടോമേറ്റഡ് അനലൈസറുകൾ, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങൾ തുടങ്ങിയ നൂതന ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നുണ്ട്. അതോടൊപ്പം രോഗികളുടെ കിടക്കകൾ, ഇൻഫ്യൂഷൻ പമ്പുകൾ, രക്തസമ്മർദ്ദ മോണിറ്ററുകൾ തുടങ്ങി അവശ്യസാധനങ്ങളും കണ്ടുകെട്ടി.
1.7 മില്യൺ ദിർഹം വിലമതിക്കുന്ന ഒരു കത്തീറ്ററൈസേഷൻ കാർഡിയാക് സിസ്റ്റവും ആസ്തികളിൽ ഉൾപ്പെടുന്നുണ്ട്. കടക്കാർക്കും ആശുപത്രി ജീവനക്കാർക്കും നൽകാനുള്ള തുക ആശുപത്രി അധികൃതർ നൽകാതിരുന്നതോടെയാണ് കോടതി നടപടി.