ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. “എൻ്റെ സഹോദരൻ” എന്ന് വിശേഷിപ്പിച്ചാണ് സുൽത്താൻ ഹൈതം ബിൻ താരിഖിനും ഒമാനിലെ ജനങ്ങൾക്കും ഷെയ്ഖ് മുഹമ്മദ് ആശംസ അറിയിച്ചത്.
ഇരുരാജ്യങ്ങളും പങ്കിടുന്ന ശാശ്വത വികസന പങ്കാളിത്തത്തെയും ഷെയ്ഖ് മുഹമ്മദ് പ്രശംസിച്ചു. രണ്ട് രാഷ്ട്രങ്ങൾക്കും ഇടയിൽ വിവിധ മേഖലകളിൽ പുരോഗതിയും സമൃദ്ധിയും വളർച്ചയുമുണ്ടാകുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയട്ടെയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യുഎഇ വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ദേശീയ ദിനത്തിൽ ഒമാൻ ഭരണാധികാരിക്ക് ആശംസ അറിയിച്ചു.