ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിന് സമീപത്തായാണ് എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചത്. “ദുബായിലെ ആദ്യത്തെ ഏരിയൽ ടാക്സി വെർട്ടിപോർട്ടിൻ്റെ നിർമ്മാണം ഞങ്ങൾ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിന് സമീപം ആരംഭിച്ചു” എന്നാണ് ഷെയ്ഖ് ഹംദാൻ എക്‌സിൽ കുറിച്ചത്.
3,100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് പ്രതിവർഷം 42,000 ലാൻഡിംഗുകളും 1,70,000 യാത്രക്കാരെയും കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും. പ്രാരംഭ ഘട്ടത്തിൽ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്, ഡൗൺടൗൺ, ദുബായ് മറീന, പാം ജുമൈറ എന്നിവിടങ്ങളിലായിരിക്കും സ്റ്റേഷനുകൾ അവതരിപ്പിക്കുക. ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ ഔദ്യോഗിക പ്രവർത്തനം 2026ന്റെ ആദ്യ പാദത്തിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.