ദുബായ്ക്കും അബുദാബിക്കും ഇടയിൽ പുതിയ ടാക്സി ഷെയറിംഗ് പൈലറ്റ് സർവീസ് ആരംഭിച്ച് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇത് യാത്രാ ചെലവിൻ്റെ 75 ശതമാനം വരെ ലാഭിക്കാൻ യാത്രക്കാരെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പൊതുജനങ്ങൾക്ക് സൗകര്യപ്രദവും വേഗതയേറിയതും താങ്ങാനാവുന്നതുമായ ഗതാഗത ഓപ്‌ഷൻ നൽകുന്നതിന്റെ ഭാഗമായാണ് ആർടിഎ ടാക്സി ഷെയറിംഗ് സർവ്വീസിന് തുടക്കം കുറിച്ചത്. പുതിയ സേവനം ആറ് മാസത്തേക്ക് തുടരുമെന്നും പദ്ധതി വിജയകരമാണെങ്കിൽ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ആർടിഎ അറിയിച്ചു.
ദുബായിലെ ഇബ്‌നു ബത്തൂത്ത സെൻ്ററിനും അബുദാബിയിലെ അൽ വഹ്ദ സെൻ്ററിനുമിടയിൽ ജനങ്ങൾക്ക് പുതിയ സേവനത്തിലൂടെ യാത്ര ചെയ്യാൻ സാധിക്കും. ദുബായ്ക്കും അബുദാബിക്കും ഇടയിൽ പതിവായി യാത്ര ചെയ്യുന്നവർക്ക് ഈ സർവ്വീസ് ഉപകാരപ്രദവുമായിരിക്കും.