വിദേശികൾക്ക് സിവില്‍ വിവാഹ സേവനങ്ങൾ വിപുലമാക്കി യുഎഇ. മുസ്ലീം ഇതര വിഭാഗത്തില്‍പ്പെട്ട വിദേശികൾക്ക് അഞ്ച് ഭാഷകളിലായി വിവാഹ സേവനങ്ങൾ ഏര്‍പ്പെടുത്തിയയെന്ന് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ്. അറബിക്, ഇംഗ്ലീഷ്, റഷ്യൻ, ചൈനീസ്, സ്പാനിഷ് ഭാഷകളിലാണ് പുതിയ സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ കൂടുതൽ ഭാഷകൾ ഉൾപ്പെടുത്താന്‍ നീക്കമുണ്ടെന്നും എഡിജെഡി വ്യക്തമാക്കി.
അമുസ്‌ലിം വിഭാഗത്തില്‍പ്പെട്ട പതിനെട്ട് വയസ്സു പൂർത്തിയായവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാം. രക്ഷിതാവിന്‍റെ സമ്മതം ആവശ്യമില്ലെന്നും നിയമം വ്യക്തമാക്കുന്നു. അതേസമയം നോൺ മുസ്‌ലിം കോർട്ടാണ് അപേക്ഷ പരിഗണിക്കുന്നത്. രാജ്യത്തെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും പുതിയ നിയമപ്രകാരം വിവാഹിതരാകാമെന്ന പ്രത്യേകതയുമുണ്ട്.
നേരത്തെ രാജ്യാന്തര മാനദണ്ഡം അനുസരിച്ച് വിദേശികൾക്കുളള വിവാഹ നിയമത്തില്‍ യുഎഇ ഇളവ് അനുവദിച്ചിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങൾ, നഷ്ട പരിഹാരം, വിവാഹ മോചനം, കുട്ടികളുടെ സംരക്ഷണം, വില്‍പത്രം തുടങ്ങിയ കാര്യങ്ങളില്‍ അബുദാബിയിലെ സിവിൽ ഫാമിലി കോർട്ടാണ് തീരുമാനമെടുത്തിരുന്നത്. വിദേശികളുടെ കേസു വാദിക്കുന്നതിന് അബുദാബിയിലെ കുടുംബ കോടതിയിൽ വിദേശ വക്കീലൻമാർക്കു ഹാജാരാകാമെന്ന ചരിത്ര തീരുമാനവും അബുദാബി സ്വീകരിച്ചിരുന്നു.