ദുബായിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി വരുന്നു. നവംബർ 24 മുതൽ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക് അറിയിച്ചു. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നിവിടങ്ങളിലാണ് ടോൾ ഗേറ്റുകൾ വരുന്നത്.
അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലും സ്ഥിതി ചെയ്യുന്ന രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുന്നതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് 10 ആയി ഉയരും.
ബിസിനസ് ബേ ക്രോസിംഗ് ഗേറ്റ് വരുന്നതോടെ അൽ ഖൈൽ റോഡിൽ 12 മുതൽ 15 ശതമാനം വരെയും അൽ റബാത്ത് സ്ട്രീറ്റിൽ 10 മുതൽ 16 ശതമാനം വരെയും ട്രാഫിക് കുറയും. അതോടൊപ്പം അൽ സഫ സൗത്ത് ഗേറ്റ് പ്രവർത്തനക്ഷമമാകുന്നതോടെ ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മൈദാൻ സ്ട്രീറ്റിലേക്ക് വലത്തോട്ടുള്ള ട്രാഫിക് വോളിയത്തിൽ 15 ശതമാനം കുറവും ഫിനാൻഷ്യൽ സെൻ്റർ സ്ട്രീറ്റിനും മെയ്ഡാൻ സ്ട്രീറ്റിനും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുകയും ചെയ്യും.