ഊർജ്ജസ്വലമായ ശരീരവും മനസും നിലനിർത്തുന്നതിന് ശരീരത്തിന് വേണ്ട ജീവകമാണ് വിറ്റാമിൻ ഡി. എന്നാൽ ജീവിതശൈളികൾ അനുസരിച്ച് ശരീരത്തിൽ വിറ്റാമിൻ ഡിയു അളവ് കുറഞ്ഞാൽ പിന്നാലെ രോഗങ്ങളുമെത്താൻ സാധ്യതയുണ്ട്. ലോകത്ത് ഏകദേശം ഒരു ബില്യൺ ആളുകളിൽ വിറ്റാമിൻ ഡി.യുടെ കുറവുണ്ടെന്നാണ് കണക്കുകൾ.
ശരീരത്തിലെ കാത്സ്യത്തിൻ്റേയും ഫോസ്ഫറസിൻ്റേയും അളവ് ക്രമീകരിച്ച് എല്ലുകളുടെയും പല്ലുകളുടെയും അസ്ഥികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിൽ വിറ്റാമിൻ ഡിയുടെ പങ്ക് ചെറുതല്ല. മസിലുകളുടെ ആരോഗ്യം ,രോഗ പ്രതിരോധ ശേഷി എന്നിവയ്ക്കും വിറ്റാമിൻ ഡി അനിവാര്യമാണ്. മത്യുഷ്കം, ഹൃദയം തുടങ്ങിയവയുടെ ശരിയായ പ്രവർത്തനത്തിനും വിറ്റാമിൻ ഡി ആവശ്യമുണ്ട്.
ചർമ്മത്തിന് അടിയിലുളള കൊഴുപ്പിൽ നിന്നാണ് വിറ്റാമിൻ ഡി രൂപം പ്രാപിക്കുന്നത്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾക്ക് കൊഴുപ്പിനെ വിറ്റാമിൻ ഡി ആക്കിമാറ്റാൻ കഴിവുണ്ട്. ഇതിനായി ഇളം വെയിൽ ഏൽക്കുന്നത് അഭി കാമ്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. എന്നാൽ ശക്തമായ വെയിൽ ഏൽക്കുന്നത് അപകടമാണെന്നും ഡോക്ടർമാർ പറയുന്നു.
മുറിക്കുള്ളിലെ ജോലികൾ ചെന്നുന്നവരിലാണ് വിറ്റാമിൻ ഡി അഭാവം കൂടുതൽ പ്രകടമാകുക. അതേസമയം സൂര്യപ്രകാശത്തിൽനിന്ന് മാത്രമല്ല വിറ്റാമിൻ ഡി ലഭ്യമകുക. മത്സ്യം, പാലുത്പന്നങ്ങൾ, ധാന്യങ്ങൾ, തൈര്, ബീഫ്, ലിവർ, മുട്ട , കൂൺ തുടങ്ങിയ ഭക്ഷണങ്ങളിലൂടെ വിറ്റാമിൻ ഡി ശരീരത്തിലെത്തും.
പേശിവേദന, മുടി കൊഴിയുക, തുടങ്ങി ചെറിയ ലക്ഷണങ്ങൾ പോലും വിറ്റാമിൻ ഡിയുടെ അഭാവത്തിൽ പ്രകടമാകും. പ്രായമുള്ളവരിലും യുവാക്കളിലും വിറ്റാമിൻ ഡി ഉത്‌പാദനം വ്യത്യാസപ്പെട്ടിരിക്കും. പ്രായമേറുന്തോറും വിറ്റാമിൻ ഡി ഉത്‌പാദനത്തിൻ്റെ തോത് കുറയുമെന്നാണ് പഠന റിപ്പോർട്ടുകൾ.