ദുബായിലെ അൽ വർഖ ഏരിയയിലേക്കുള്ള അധിക പ്രവേശന, എക്സിറ്റ് പോയിൻ്റുകൾ പ്രഖ്യാപിച്ച് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. പദ്ധതി പൂർത്തിയാകുമ്പോൾ യാത്രാ സമയം 20 മിനിറ്റിൽ നിന്ന് വെറും 3.5 മിനിറ്റായും യാത്രാ ദൂരം 5.7 കിലോ മീറ്ററിൽ നിന്ന് 1.5 കിലോ മീറ്ററായും കുറയും.
പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ വ്യക്തമാക്കി. മണിക്കൂറിൽ 5,000 വാഹനങ്ങൾ ഉൾക്കൊള്ളാൻ റോഡിന് ശേഷിയുണ്ടാകും. റെസിഡൻഷ്യൽ ഏരിയകളിലെ റോഡുകൾ, ലൈറ്റിംഗ്, മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയാണ് അൽ വർഖയുടെ ഈ പുതിയ പ്രവേശന, എക്സിറ്റ് പോയിൻ്റുകൾ വഴി ലക്ഷ്യമിടുന്നത്.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി നിലവിലുള്ള റൗണ്ട് എബൗട്ടുകളെ സിഗ്നലൈസ്ഡ് ജംഗ്ഷനുകളാക്കി നൂതന സവിശേഷതകളോടെ മാറ്റുന്നത് ഉൾപ്പെടുന്ന അൽ വർഖ 1 സ്ട്രീറ്റിലും കൂടുതൽ വികസനങ്ങൾ ഉണ്ടാകും. ഈ മെച്ചപ്പെടുത്തലുകൾ അൽ വർഖ 1 സ്ട്രീറ്റിൻ്റെ ശേഷി 30 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അൽ വർഖ 3, അൽ വർഖ 4 എന്നിവിടങ്ങളിൽ ആർടിഎ നിലവിൽ ഇൻ്റേണൽ റോഡുകൾ നിർമ്മിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ നിലവിലുള്ള ട്രാക്കുകളുമായി ബന്ധിപ്പിക്കുന്നതിന് 16 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കും നിർമ്മിക്കും.