മെച്ചപ്പെട്ട തൊഴിലവസരങ്ങളും ജീവിത നിലവാരവും വാഗ്ദാനം ചെയ്യുന്ന ദുബായ് എല്ലാവരുടെയും സ്വപ്ന നഗരമാണ്. നിരവധി പ്രവാസികളാണ് ദുബായിലേയ്ക്ക് ദിവസേന എത്തിക്കൊണ്ടിരിക്കുന്നത്. മികച്ച 50 നഗരങ്ങളിൽ 15-ാം സ്ഥാനത്താണ് ദുബായ്. 2026-ഓടെ ദുബായിലെ ജനസംഖ്യ 4 ദശലക്ഷത്തിലെത്തുമെന്നാണ് ആഗോള റേറ്റിംഗ് ഏജൻസിയായ എസ് ആൻ്റ് പിയുടെ വിലയിരുത്തൽ.
2024-ൽ എമിറേറ്റിൻ്റെ പ്രതിശീർഷ ജിഡിപി ഏകദേശം 38,000 ഡോളർ (139,460 ദിർഹം) ആയാണ് കണക്കാക്കുന്നത്. യുഎഇയുടെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്നവരെയും ജോലിക്കായി ദുബായിലേക്ക് പോകുന്നവരെയും ഒഴികെയുള്ള നിവാസികളുടെ ജനസംഖ്യ 2023 വർഷാവസാനം 3.7 ദശലക്ഷത്തിലെത്തിയിരുന്നു. 2026-ഓടെ ഇത് 4.0 ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷയെന്നാണ് എസ് ആൻ്റ് പി അധകൃതർ വ്യക്തമാക്കുന്നത്.
ഈ വർഷത്തിൻ്റെ ആരംഭം മുതൽ ദുബായിലെ ജനസംഖ്യ 1,34,000-ലധികം വർദ്ധിച്ചു. 2021 ജനുവരി മുതൽ നഗരത്തിലെ ജനസംഖ്യ 3,78,000-ത്തിലധികം വർദ്ധിച്ചു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ 2024-നും 2040 നും ഇടയിൽ സെൻ്റി-മില്യണയർമാരുടെ കുടിയേറ്റത്തിൽ 150 ശതമാനത്തിലധികം വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്.