പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. അത് നാം ഓമനിച്ച് വളർത്തുന്ന മൃഗങ്ങളാണെങ്കിൽ പോലും സഹിക്കാൻ സാധിക്കില്ല. അത്തരമൊരു വാർത്തയാണ് ദുബായിൽ നിന്ന് വരുന്നത്. അൽ ഖൈൽ സ്ട്രീറ്റിലെ നിന്ന് കാണാതായ തങ്ങളുടെ പ്രിയപ്പെട്ട വളർത്തുനായയെ കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ദുബായിലെ ഒരു ബ്രിട്ടീഷ് കുടുംബം.
ഒരു മിക്സഡ് ബ്രീഡ് ഇനത്തിൽപ്പെട്ട ‘ബോൾട്ട്’ എന്ന നായയെയാണ് കാണാതായത്. ഒക്‌ടോബർ 4 (വെള്ളി) വൈകുന്നേരം അൽ ഖൈൽ സ്ട്രീറ്റിലെ നാല്-വേ ട്രാഫിക് പാതയിൽ രാത്രി 8 മണിയോടെയാണ് നായയെ അവസാനമായി കണ്ടത്. ഗാർൺ അൽ സബ്ഖാ സ്ട്രീറ്റിനും ഇബ്ൻ ബത്തൂത്ത മാളിനും ഇടയിലുള്ള ക്രോസിംഗിന് സമീപമാണ് നായയെ കണ്ടത്.
സംഭവം നടന്നതിന്റെ തലേദിവസമാണ് കുടുംബം ജുമൈറ ഹൈറ്റ്‌സിലേക്ക് താമസം മാറിയെത്തിയത്. തുടർന്ന് വൈകുന്നേരം നടക്കാൻ പോയപ്പോൾ നായയെയും കുടുംബം കൂടെ കൂട്ടിയിരുന്നു. വഴിയിൽ വെച്ച് ഉടമയുടെ മകൻ കാലിടറി വീണ സമയത്ത് നായയുടെ പിടി അയയുകയും ബോൾട്ട് രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് നിരവധി സ്ഥലങ്ങളിൽ തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ലെന്ന് കുടുംബം പറഞ്ഞു. കഴിഞ്ഞ എട്ട് വർഷമായി ദുബായിൽ താമസിക്കുകയാണ് കുടുംബം.
നിറയെ രോമമുള്ള നായക്ക് വെളുത്ത നിറമാണ്. മൈക്രോചിപ്പ് ചെയ്ത് വന്ധ്യംകരിച്ചിട്ടുണ്ടെന്നും കാണാതാകുമ്പോൾ ഓറഞ്ച് ലെഡ് ഉള്ള കറുത്ത ഹാർനെസ് ധരിച്ചിരുന്നതായും കുടുംബം അറിയിച്ചു. നായയെ കണ്ടെത്തി നൽകുന്നവർക്ക് 5,000 ദിർഹം പാരിതോഷികവും കുടുംബം പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടുകിട്ടുന്നവർ 058-5260675 എന്ന നമ്പറിൽ അറിയിക്കണമെന്ന് ബ്രിട്ടീഷ് കുടുംബം അഭ്യർത്ഥിച്ചു.