ദുബായ് ജബൽ അലി മറൈൻ സംരക്ഷണകേന്ദ്രത്തിൽ 4,500 കണ്ടൽത്തൈകൾ നട്ടുപിടിപ്പിക്കാനൊരുങ്ങി ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി (ദീവ). എമിറേറ്റ്സ് മറൈൻ എൻവയോൺമെന്റൽ ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
സമുദ്ര ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2030-ഓടെ രാജ്യത്ത് 10 കോടി കണ്ടൽ തൈകൾ നട്ടുപിടിപ്പിക്കാനും കണ്ടൽക്കാടുകളുടെ സുസ്ഥിരത വർധിപ്പിക്കാനുമുള്ള ദേശീയ സംരംഭത്തിന് അനുസരിച്ചാണ് തീരുമാനം.
കഴിഞ്ഞവർഷം ദീവയുടെ നേതൃത്വത്തിൽ ജബൽ അലി മറൈൻ സംരക്ഷണ കേന്ദ്രത്തിൽ 5,500-ലേറെ കണ്ടൽത്തൈകൾ നട്ടിരുന്നു. യുഎഇ രാഷ്ട്രപിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നിർദേശപ്രകാരം 1970-കൾ മുതലാണ് രാജ്യത്ത് കണ്ടൽത്തൈകൾ വെച്ചുപിടിപ്പിക്കാൻ ആരംഭിച്ചത്.