54-ാം പിറന്നാൾ ആഘോഷിക്കുകയാണ് ചിരിയുടെ സൂര്യൻ സലിം കുമാർ. തൻ്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ വഞ്ചിയിൽ ദ്വാരം വീണുവെന്നും അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് യാത്ര തുടരുകയാണെന്നും ഇനി എത്ര കാലം ഇങ്ങനെ തുഴയാൻ പറ്റുമെന്ന് അറിയില്ലെന്നുമാണ് താരം കുറിച്ചത്.
“ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എൻ്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക് ഇന്ന് പ്രവേശിക്കുകയാണ്. ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസിൻ്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം. അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു.
എൻ്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണുതുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്. എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല. എന്നാലും ഞാൻ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം. സ്നേഹപൂർവ്വം നിങ്ങളുടെ സലിംകുമാർ” എന്നാണ് അദ്ദേഹം കുറിച്ചത്. സലിം കുമാറിന്റെ കുറിപ്പ് കണ്ട് നിരവധി ആരാധകരാണ് വേദനയോടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.