ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ബഹ്റിനിലെ ചരിത്ര സന്ദര്‍ശനം മുന്നോട്ട്. വ്യാഴാഴ്ച ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ചേർന്ന് ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിച്ചു. ഫ്രാൻസിസ് മാർപാപ്പയെ സ്വാഗതം ചെയ്ത ഹമദ് രാജാവ് വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ പരമാധികാരിയുമായി സ്മരണിക സമ്മാനങ്ങളും കൈമാറി. പോപ്പിന്‍റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വിപുലമായ സ്വീകരണമാണ് ഒരുക്കിയത്.
സൗഹൃദ യാത്രയിലെ വിലപ്പെട്ട ഘട്ട എന്നാണ് ഫ്രാൻസിസ് മാർപാപ്പ ബഹ്റിന്‍ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. മനുഷ്യരാശിയുടെ പുരോഗതിക്കായി ലോകം ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സഖീർ രാജകൊട്ടാരത്തിൽ നടത്തിയ പ്രസംഗത്തില്‍ മാര്‍പ്പാപ്പ ഒാര്‍മ്മിപ്പിച്ചു. മാനവികതയുടെ വേരുകൾ നിര്‍ജ്ജീവമാകരുതെന്നും നാഗരികതകളും മതങ്ങളും സംസ്കാരങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകൾ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഏറ്റവും ആദരണീയനായ അതിഥിയെന്നാണ് ബഹ്റൈന്‍ രാജാവ് ഫ്രാൻസിസ് മാർപാപ്പയെ വിശേഷിപ്പിച്ചത്. സമാധാനം മാത്രമാണ് സുരക്ഷിതമായ ഭാവിയിലേക്കുള്ള ഒരേയൊരു വഴിയെന്നും ജനങ്ങളെ ഒരുമിപ്പിക്കുന്നതിൽ മാർപാപ്പയുടെ പങ്ക് വലുതാണെന്നും ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ വ്യക്തമാക്കി.
നവംബര്‍ 6 ഞായറാഴ്ച വരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബഹ്റൈനില്‍ സന്ദര്‍ശനം നീളുക. ഇതിനിടെ വിവിധ മതസ്ഥരായ നേതാക്കൾ പങ്കെടുക്കുന്ന ദ്വിദിന ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗിന്റെ സമാപന സമ്മേളനത്തെ പാപ്പാ അഭിസംബോധന ചെയ്യും. ശനിയാഴ്ച ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന കുർബാനയാണ് സന്ദർശനത്തിന്റെ ഹൈലൈറ്റ്. കാല്‍ ലക്ഷം ആളുകൾ കുര്‍ബാനയില്‍ പങ്കെടുക്കും. ഞായറാഴ്ച മനാമയിലെ സേക്രഡ് ഹാർട്ട് ചർച്ചിൽ പ്രാദേശിക ബിഷപ്പുമാർ, വൈദികർ, സമർപ്പിത വ്യക്തികൾ, സെമിനാരിക്കാർ, അജപാലന പ്രവർത്തകർ എന്നിവരുമായി പ്രാർത്ഥനായോഗം നടത്തും.
2013 മാര്‍ച്ച് 13 ന് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സന്ദര്‍ശന പരമ്പരയിലെ ഏഴാമത്തെ അറബ് രാജ്യവും അന്താരാഷ്ട്രതലത്തില്‍ 58-ാമത്തെ രാജ്യവുമാണ് ബഹ്‌റൈന്‍. 2019ല്‍ മാര്‍പ്പാപ്പ അബുദാബി സന്ദർശിച്ചിരുന്നു.