മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്തയച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ വിവരം തന്നെ അറിയിച്ചിട്ടില്ലെന്നാണ് കത്തിലെ ആരോപണം. ഇന്ന് കേരളത്തിൽ തിരിച്ചെത്തുന്ന ഗവർണർ, സർക്കാരുമായുള്ള വിവിധ വിഷയങ്ങളിലെ തർക്കത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്ന കാത്തിരിപ്പിനിടെയാണ് ഈ കത്ത്.
മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാണ് ഗവർണറുടെ ആരോപണം. വിദേശയാത്ര പോകുമ്പോഴും തിരിച്ചെത്തുമ്പോഴും അറിയിക്കുന്ന കീഴ്വഴക്കം ലംഘിച്ചതായും ഭരണച്ചുമതലയുടെ ക്രമീകരണം അറിയിച്ചില്ലെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്.
സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്നും സംസ്ഥാന സമിതി യോഗം അടുത്ത രണ്ട് ദിവസങ്ങളിലുമായാണ് ചേരുന്നത്. ഗവർണർ വിഷയം മുഖ്യചർച്ചാവിഷയമാകും. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നത് അടക്കം ചർച്ചയായേക്കും.