സഞ്ചാരികൾക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിക്കുന്ന ദുബായ് മിറാക്കിൾ ഗാർഡന്റെ 13-മത് സീസൺ നാളെ ആരംഭിക്കും. ഇത്തവണ മിറാക്കിൾ ഗാർഡൻ ഒരുക്കിയിരിക്കുന്ന കൗതുകകരമായ കാഴ്ചകൾ എന്തൊക്കെയാണെന്നറിയാൻ കാത്തിരിക്കുകയാണ് ജനങ്ങൾ.
മുൻ സീസണുകളുമായി താരതമ്യം ചെയ്യുമ്പോൾ യുഎഇ നിവാസികൾക്കുള്ള ടിക്കറ്റ് നിരക്കുകൾ ഇത്തവണ കുറച്ചിരിക്കുകയാണ്. എമിറേറ്റ്‌സ് ഐഡി കാണിക്കുന്നതിലൂടെ മുതിർന്നവർക്കും കുട്ടികൾക്കും 60 ദിർഹത്തിന് ഫ്ലോറൽ പാർക്കിൽ പ്രവേശിക്കാൻ സാധിക്കും. കഴിഞ്ഞ വർഷത്തെ വിലയായ 65 ദിർഹത്തിൽ നിന്ന് 5 ദിർഹമാണ് ഇപ്രാവശ്യം കുറച്ചത്. അതേസമയം മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി ഗാർഡനിൽ പ്രവേശിക്കാം.
എന്നാൽ വിനോദസഞ്ചാരികൾക്കും യുഎഇ ഇതര താമസക്കാർക്കും ടിക്കറ്റ് നിരക്ക് 5 ദിർഹം വർദ്ധിച്ചിട്ടുണ്ട്. മുതിർന്നവർക്ക് 100 ദിർഹവും കുട്ടികൾക്ക് 85 ദിർഹവുമാണ് ഫീസ്. മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യവുമാണ്. നാളെ മുതൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.