ആഡംബര കപ്പൽ യാത്രികർക്ക് പത്ത് ദിവസത്തെ സൗജന്യ വിസ പ്രഖ്യാപിച്ച് ഒമാൻ. ആഡംബര കപ്പലിലെ ജീവനക്കാർ, യാത്രികർ എന്നിവർക്കാണ് പത്ത് ദിവസത്തെ സൗജന്യ വീസ അനുവദിക്കുക.
ഇതിന് പുറമെ 30 ദിവസം വരെയുള്ള വിസക്കും സൗകര്യമൊരുക്കിയതായും റോയൽ ഒമാൻ പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്. ജനറൽ ഹസ്സൻ ബിൻ മുഹ്സിൻ അൽ ശറാഖിയുടെ ഉത്തരവിൽ വ്യക്തമാക്കി. ആഡംബര കപ്പൽ യാത്രക്കാരെ ആകർഷിക്കുന്നതിന് നിയമത്തിൽ ഭേദഗതി വരുത്തിയാണ് 10, 30 ദിവസത്തെ വിസകൾ അനുവദിച്ചിരിക്കുന്നത്.
വിസ അനുവദിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഒമാനിൽ പ്രവേശിക്കണമെന്നാണ് നിബന്ധന. ഒമാനിലെത്തിയ ശേഷം 10 ദിവസമാണ് വിസാ കാലാവധി. ജീവനക്കാർക്കും യാത്രികർക്കും അപേക്ഷിച്ച് 30 ദിവസം വരെ വിസ നേടുന്നതിന് അവസരമുണ്ട്. ഏജന്റ് മുഖാന്തരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.