പൂവിളി പൂവിളി പൊന്നാണമായി… പൊന്നോണക്കാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് അത്തം പിറന്നു. ഇനി സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പൂക്കാലമാണ്. മലയാളത്തിന്റെ മഹാബലി തമ്പുരാനെ വരവേൽക്കാൻ ഒരു നാട് ഒരുങ്ങുകയാണ്. ഇനിയുള്ള ദിനങ്ങളിൽ മലയാളികളുടെ അങ്കണങ്ങള്‍ പൂക്കളം കൊണ്ട് നിറയും.
തിരുവോണത്തിന് ഇനി പത്ത് നാൾ കാത്തിരിക്കണം. പൂവിളികളോടെ മലയാളികൾ ഇന്ന് മുതൽ പൂക്കളമിട്ട് തുടങ്ങും. നിലവിളക്ക് കൊളുത്തി ചാണകം മെഴുകിയ തറയിലാണ് അത്തം ഇടാൻ തുടങ്ങുന്നത്. തുമ്പപൂവാണ് ആദ്യം ഇടേണ്ടതെന്നാണ് പഴമക്കാർ പറയുന്നത്. ആദ്യ രണ്ട് ദിവസം തുമ്പപൂവും തുളസിയും മാത്രമാണ് ഇടുന്നത്. മൂന്നാം നാൾ മുതലാണ് പൂക്കളം ഇടുന്നത്.
ചിത്തിര നാളിൽ പ്രാധാന്യം വെളുത്ത പൂക്കൾക്കാണ്. രണ്ട് ലെയറായി പൂക്കളമൊരുക്കും. ചോതി നാളിൽ മൂന്ന് ലെയറിൽ ഒരുക്കും. വൃത്താകൃതിയിൽ നാല് ലെയറിൽ പല വർണങ്ങളിൽ പൂക്കൾ ഇടകലർത്തിയാണ് വിശാഖം നാളിൽ പൂക്കളമൊരുക്കുക. അനിഴത്തിന് അഞ്ച് ലെയറിൽ അഞ്ച് നിറത്തിലുള്ള പൂക്കൾ കൊണ്ട് പൂക്കളമൊരുക്കും. തൃക്കേട്ടയിൽ ആറ് ലെയറിൽ ആറ് നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് പൂക്കളമൊരുക്കാം. മൂലം നാളിൽ ഏഴ് ലെയറിൽ ചതുരാകൃതിയിലാണ് പൂക്കളമൊരുക്കേണ്ടത്.
പൂരാടമെത്തുമ്പോൾ മറ്റ് ദിവസങ്ങളിലെ പൂക്കളങ്ങളേക്കാൾ വലുതായിരിക്കണം പൂക്കളം. എട്ട് ലെയറിൽ പൂക്കളമൊരുക്കും. തിരുവോണത്തിന് തലേനാൾ ഉത്രാടത്തിന് പൂക്കളവും അതുപോലെ ഗംഭീരമായിരിക്കണം. ഒമ്പത് ലെയറിൽ സമൃദ്ധമായ പൂക്കളമാണ് മലയാളികൾ ഒരുക്കുന്നത്.