ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് പ്രതികരണവുമായി എത്തുന്നത്. ഇപ്പോൾ ഇക്കാര്യത്തിൽ തന്റെ അഭിപ്രായവും അനുഭവവും വ്യക്തമാക്കിയിരിക്കുകയാണ് നടി അർച്ചന കവി. നല്ലവരെന്ന് വിചാരിക്കുന്നവരാകും സെറ്റിലെ യഥാർത്ഥ തെമ്മാടികൾ എന്നാണ് അർച്ചന തുറന്നടിച്ചത്. നമ്മുടെ ജീവിതത്തിൽ മോശം അനുഭവങ്ങൾ ഉണ്ടാകുമ്പോഴേ അതിജീവിതമാരുടെ വിഷമങ്ങൾ മനസിലാവൂ എന്നും താരം കൂട്ടിച്ചേർത്തു.
“സ്വന്തം വീട്ടിൽ നടക്കുമ്പോൾ മാത്രമേ നമുക്ക് അതിജീവിതമാരുടെ വിഷമങ്ങൾ മനസിലാവൂ. തനിക്ക് മോശം അനുഭവമുണ്ടായില്ലെന്ന് കരുതി അയാൾ മറ്റൊരാളെ വേദനിപ്പിക്കില്ല എന്ന് ഞാൻ അർത്ഥമാക്കുന്നില്ല. ആ അതിജീവിതയ്ക്കൊപ്പമാണ് നിൽക്കുന്നത്. ആരോപണവിധേയൻ നിരപരാധിത്വം തെളിയിച്ച് വരുന്നതുവരെ അതിജീവിതയ്ക്കൊപ്പം നിൽക്കും. ഇത്രയും നന്മ ചെയ്യുന്നവർ ഈ ഭൂമിയിൽ വേറെയുണ്ടാവില്ലെന്ന് ചിലരെക്കുറിച്ച് വിചാരിക്കും. അവരായിരിക്കും സിനിമാ സെറ്റുകളിലെ യഥാർത്ഥ തെമ്മാടികൾ.
നമ്മുടെ മനസിന്റെ ദൗർബല്യം എന്താണെന്ന് അറിയുന്ന അവർ ഷോട്ടെടുക്കുന്നതിന് തൊട്ടുമുൻപ് എല്ലാവരുടേയും മുന്നിൽവെച്ച് അപമാനിക്കുംവിധം സംസാരിക്കും. അസ്വസ്ഥത തോന്നുമെങ്കിലും ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കേണ്ടിവരും. ഡബ്ല്യൂ.സി.സിയോടാണ് ആദ്യമായി നന്ദി പറയാനുള്ളത്. സിനിമാ ഇൻഡസ്ട്രിയുടെ ചരിത്രത്തിൽ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. അവരിൽ കുറച്ചുപേരെ വ്യക്തിപരമായി അറിയാം. അവരുടെ ആ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും അറിയാം. അവരെക്കുറിച്ചോർത്ത് അഭിമാനം തോന്നുന്നു.
അഞ്ചും പത്തും വർഷം മുൻപ് നടന്ന കാര്യങ്ങൾ എന്തിനാണ് ഇപ്പോൾ തുറന്നുപറയുന്നതെന്ന് ചോദിക്കുന്നവരുണ്ട്. എന്റെ പ്രായത്തിലുള്ളവർ പോലും ഈ ചോദ്യം ചോദിക്കുന്നുണ്ട്. പരിക്കുപറ്റിയാൽ ഓരോരുത്തർക്കും മുറിവുണങ്ങുന്നത് വ്യത്യസ്ത സമയങ്ങളിലായിരിക്കും. അതുകൊണ്ട് എന്തുകൊണ്ട് ഇത്തരം കാര്യങ്ങൾ തുറന്നുപറയുന്നതിന് ഇത്രയും സമയമെടുക്കുന്നതെന്തിനെന്ന് ചോദിക്കുന്നത് ദയവുചെയ്ത് നിർത്തണം. അവർ തുറന്നുപറയാനായി വന്നല്ലോ, അവരെ എങ്ങനെ സഹായിക്കണം എന്നാണ് ആലോചിക്കേണ്ടത്. സ്വന്തം വീട്ടിൽ നടക്കുമ്പോൾ മാത്രമേ നമുക്ക് ഇവരുടെ വിഷമങ്ങൾ മനസിലാവൂ” എന്നാണ് അർച്ചന കവി പറഞ്ഞത്.