ശരത്കാലത്തെ വരവേൽക്കാനൊരുങ്ങി യുഎഇ. ചൂട് കാലത്തിനോട് വിട പറയുന്നതിന്റെ സൂചനയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി മഴ ലഭിച്ചിരുന്നു. സെപ്റ്റംബർ 23ന് യുഎഇയിൽ ശരത്കാലം ആരംഭിക്കുമെന്നാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതരുടെ വിലയിരുത്തൽ.
ശരത്കാലം എത്തുന്നതോടെ രാജ്യത്തെ താപനില കൂടുതൽ കുറയും. കുറച്ച് ദിവസങ്ങൾക്ക് ശേഷം രാത്രിയിലും പകലും ചൂട് തുല്യമാകുകയും ചെയ്യും. അധികൃതരുടെ പ്രവചനമനുസരിച്ച് സെപ്റ്റംബർ മാസത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലുമുണ്ടാകാൻ സാധ്യതയുണ്ട്. കിഴക്കൻ പ്രദേശങ്ങളിൽ പ്രതീക്ഷിക്കുന്ന ക്യുമുലോനിംബസ് മേഘങ്ങളുടെ രൂപീകരണത്തിൻ്റെ ഫലമാണിത്. ഇത് വ്യത്യസ്ത തീവ്രതയിൽ മഴ പെയ്യുന്നതിന് കാരണമാകുന്നു.
ചൂട് കുറയുന്നതിന്റെ സൂചനയായി ഓഗസ്റ്റ് 24-ന് രാജ്യത്ത് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെട്ടിരുന്നു. നക്ഷത്രം കണ്ടുകഴിഞ്ഞാൽ, ഏറ്റവും കൂടിയ ചൂടിനും തണുപ്പിനും ഇടയിൽ കാലാവസ്ഥ മാറുന്നതിന് 40 ദിവസത്തെ കാലയളവാണുള്ളത്. ഈ കാലഘട്ടം ‘സുഫ്രിയ’ എന്നാണ് അറിയപ്പെടുന്നത്. സുഹൈൽ നക്ഷത്രത്തിൻ്റെ ഉദയം കഴിഞ്ഞ് 100 ദിവസങ്ങൾക്ക് ശേഷം ശൈത്യകാലവും ആരംഭിക്കും.