യുഎഇയിൽ പൊതുമാപ്പ് ആരംഭിച്ച സാഹചര്യത്തിൽ ഇന്ത്യൻ പ്രവാസികൾക്ക് ആവശ്യമായ സഹായമൊരുക്കുന്നതിനായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം ആരംഭിച്ചു. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് പ്രവാസികൾക്ക് ഔട്‌പാസ് (എമർജൻസി സർട്ടിഫിക്കറ്റ്) സൗജന്യമായി നേരിട്ട് വാങ്ങാൻ സാധിക്കും.
അതേസമയം, യുഎഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ കാലാവധിയുള്ള പാസ്പോർട്ട് നൽകുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. കുറഞ്ഞ കാലത്തേക്കുള്ള പാസ്പോർട്ട് ആവശ്യമുള്ളവർക്ക് മുൻകൂർ അനുമതിയില്ലാതെ നേരിട്ട് ബിഎൽഎസ് സെൻ്ററുമായി ബന്ധപ്പെടാൻ സാധിക്കും.
എമർജൻസി സർട്ടിഫിക്കറ്റ് ഉച്ചയ്ക്കുശേഷം 2 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിൽ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് നേരിട്ട് കൈപ്പറ്റാൻ സാധിക്കും. അപേക്ഷ സമർപ്പിക്കുന്നതിൻ്റെ തൊട്ടടുത്ത ദിവസം തന്നെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും. നിയമ ലംഘനത്തിൽ നിന്നു മോചിതരാകാനുള്ള അവസരമാണിതെന്ന് മനസിലാക്കി പ്രവാസികൾ മുന്നോട്ടുവരണമെന്ന് കോൺസൽ ജനറൽ പറഞ്ഞു.