അറബിക്കടലിൽ രൂപപ്പെട്ട ആഴത്തിലുള്ള ഉഷ്‌ണമേഖലാ ന്യൂനമർദം ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറി. കൊടുങ്കാറ്റിന് ‘അസ്ന’ എന്ന് പേരിട്ടതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഒമാൻ തീരത്തുനിന്ന് 920 കി.മീ അകലെയാണ് കൊടുങ്കാറ്റുള്ളത്. 34-40 നോട്ട് (മണിക്കൂറിൽ ഏകദേശം 40-46 മൈൽ) ആണ് കാറ്റിൻ്റെ വേഗത. ഏറ്റവും അടുത്തുള്ള മഴമേഘങ്ങൾ 760 കി.മീ (470 മൈൽ) ദൂരത്തിലാണ്. ഒമാൻ കടലിൽ പടിഞ്ഞാറേക്കാണ് ദിശ.
80 വർഷത്തിനിടയിൽ നാലാം തവണയാണ് അസ്‌ന ഉണ്ടാകുന്നത്. 1944, 1964, 1976 വർഷങ്ങളിലാണ് മുമ്പ് ഈ കൊടുങ്കാറ്റ് എത്തിയതായി രേഖപ്പെടുത്തിയിട്ടുള്ളത്. അടുത്തയാഴ്ച ആദ്യം മുതൽ ഒമാനിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.