ഇന്ത്യൻ വനിതാ ടീമംഗവും എ ടീം ക്യാപ്റ്റനുമായ മിന്നുമണി ആഭ്യന്തര ക്രിക്കറ്റിൽ ഇനി റെയിൽവേയുടെ ജേഴ്സിയണിയും. റെയിൽവേ ജീവനക്കാരിയായതിനാൽ മിന്നുമണിക്ക് റെയിൽവേക്കായി കളിക്കേണ്ടതുണ്ട്. റെയിൽവേക്ക് കളിക്കുന്നതിനായി കെ.സി.എ. മിന്നുമണിക്ക് അനുമതിയും നൽകിയിട്ടുണ്ട്.
തന്റെ 16 വയസ് മുതൽ കേരളത്തിനായി കളിക്കുന്ന താരമാണ് മിന്നുമണി. കഴിഞ്ഞ വർഷമാണ് താരം ദേശീയ ടീമിൽ ഇടംനേടിയത്. റെയിൽവേയിൽ ജോലി നേടിയെങ്കിലും മിന്നുമണി കേരളത്തിനായി കളിക്കുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ.
എന്നാൽ തങ്ങളുടെ താരങ്ങളെല്ലാം സ്വന്തം ടീമിനായി കളിക്കണമെന്നാണ് റെയിൽവേ അധികൃതരുടെ നിലപാട്. ഇത്തരത്തിൽ ഇന്ത്യൻ താരം ആശാ ശോഭനയും കഴിഞ്ഞ കുറച്ചുകാലമായി പുതുച്ചേരി, റെയിൽവേ ടീമുകൾക്ക് വേണ്ടിയാണ് കളിക്കുന്നത്. നേരത്തേ കേരളത്തിനായി താരം കളത്തിലിറങ്ങിയിരുന്നു.