ജനങ്ങൾക്ക് സുഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി ദുബായിലെ നാല് പ്രധാന മേഖലകളിലെ റോഡ് സൗകര്യങ്ങൾ നവീകരിച്ച് ദുബായ് ആർടിഎ. അൽ സഫാ 1 സ്‌കൂൾ കോംപ്ലക്‌സിനോട് അനുബന്ധിച്ചുള്ള നാല് പ്രധാന മേഖലകളിലെ ഗതാഗത സൗകര്യങ്ങളാണ് ആർടിഎ മെച്ചപ്പെടുത്തിയത്.
മേഖലയിൽ കാൽനട യാത്രക്കാരുടെ ക്രോസിങ്ങുകളുടെ എണ്ണവും ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് അൽ ഹാദിഖ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് പുതിയതായി 255 മീറ്റർ നീളത്തിൽ പുതിയ ലെയ്ൻ നിർമ്മിച്ചു. ഇതോടെ സർവീസ് റോഡിലേക്കുള്ള പ്രവേശനം കൂടുതൽ സുഗമമാകും. അൽ സഫ സ്കൂൾ, അൽ ഇത്തിഹാദ് സ്‌കൂൾ എന്നിവിടങ്ങളിൽ പുതിയതായി 22 പാരലൽ പാർക്കിങ്ങും നിർമ്മിച്ചു.
19 സ്ട്രീറ്റിൽ നിന്ന് അൽ വാസൽ സ്ട്രീറ്റിലേയ്ക്കുള്ള എക്സിറ്റ് വീതി കുട്ടുകയും 330 മീറ്റർ നീളത്തിൽ പുതിയ ലെയ്നും സ്ഥാപിച്ചു. ഇവിടെ നിന്ന് ഇടത്തോട്ടു തിരിയാനുള്ള ലെയ്നുകളുടെ എണ്ണം ഒന്നാക്കി. ജുമൈറ കോളേജിന് മുന്നിൽ പുതിയതായി 18 പാർക്കിങ്ങുകളും നിർമ്മിച്ചു. അൽ വാസൽ സ്ട്രീറ്റിൽ പുതിയതായി ഒരു യു ടേണും ട്രാഫിക് സിഗ്നലും വഴിയാത്രക്കാർക്കുള്ള ക്രോസിങ്ങും സ്ഥാപിച്ചു.