മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായി ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് നടനും സംവിധായകനുമായ അഖിൽ മാരാറിനെതിരെ പൊലീസ് കേസെടുത്തു. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നും പകരം താൻ വീടുകൾ വച്ചു നൽകുമെന്നും പറയുന്ന വീഡിയോയാണ് അഖിൽ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
ഇൻഫോപാർക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യമാണെങ്കിലും അത് ചെലവഴിക്കുന്നത് സംബന്ധിച്ച വിവേചനാധികാരം മുഖ്യമന്ത്രിയ്ക്കാണ്. പിണറായി വിജയൻ ദുരന്തങ്ങളിൽ കേരളത്തെ രക്ഷിച്ച ജനനായകനല്ലെന്നും ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ടവനാണെന്നും അഖിൽ തന്റെ വീഡിയോയിൽ പറഞ്ഞിരുന്നു.
താൻ വയനാട്ടിലെ ദുരന്തബാധിതർക്ക് നേരിട്ടും അല്ലാതെയും സഹായമെത്തിക്കുമെന്നും എങ്ങനെ സഹായിക്കണമെന്നത് തൻ്റെ ഇഷ്ടമാണെന്നും താരം തുറന്നടിച്ചിരുന്നു. അഖിലിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ മഹാരാജാവ് നീണാൾ വാഴട്ടേയെന്നും ഫേസ്ബുക്കിലൂടെ അഖിൽ പ്രതികരിച്ചു.