ദുബായിൽ പുതിയ മാൾ വരുന്നു. സാധാരണ മാളുകളിൽ നിന്നും വ്യത്യസ്തമായി എമിറേറ്റിലെ മസ്ജിദുകളെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് 40 ദശലക്ഷം ദിർഹം ചിലവിൽ പുതിയ മാൾ നിർമ്മിക്കുന്നത്. മാളിൻ്റെ വാർഷിക വരുമാനം ദുബായിലെ എൻഡോവ്‌മെൻ്റുകൾ ലഭ്യമല്ലാത്ത 50-ഓളം പള്ളികളുടെ ചെലവുകൾക്കായാണ് ഉപയോഗിക്കുക.
അൽ ഖവാനീജിൽ 1,65,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് മാൾ നിർമ്മിക്കുന്നത്. 29 ഷോപ്പുകൾ, വലിയ ഷോപ്പിംഗ് സെൻ്റർ, മെഡിക്കൽ സെൻ്റർ, റെസ്റ്റോറൻ്റുകൾ, ഫിറ്റ്നസ് സെൻ്റർ എന്നിവ ഉൾക്കൊള്ളുന്നതാണ് മാൾ. ഇതിനുപുറമെ ഇവിടെയെത്തുന്നവർക്ക് അവശ്യമായ സൗകര്യങ്ങൾ, റോഡുകൾ, പൂന്തോട്ടം, പാർക്കിംഗ് സ്ഥലങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും രണ്ട് പ്രാർത്ഥനാ മുറികൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
ദുബായ് മോസ്‌ക് എൻഡോവ്‌മെൻ്റ് ഫണ്ടിനെ പിന്തുണയ്ക്കുന്ന ദുബായുടെ ‘മോസ്‌ക് എൻഡോവ്‌മെൻ്റ്’ കാമ്പെയ്‌നിൻ്റെ ഭാഗമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ദുബായിലെ എൻഡോവ്‌മെൻ്റ്‌സ് ആന്റ് മൈനേഴ്‌സ് അഫയേഴ്‌സ് ട്രസ്റ്റ് ഫൗണ്ടേഷൻ്റെ (ഔഖാഫ്) കണക്കനുസരിച്ച് മാളിന്റെ നിർമ്മാണം ഇപ്പോൾ 17 ശതമാനം പൂർത്തിയായിട്ടുണ്ട്.