പാരീസ് ഒളിമ്പിക്സിൽ വീണ്ടും മെഡൽ നേടി ഇന്ത്യ. ഷൂട്ടിങ് റേഞ്ചിൽ നിന്നാണ് ഒരിക്കൽക്കൂടി രാജ്യം മെഡൽ സ്വന്തമാക്കിയിരിക്കുന്നത്. 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിൽ മനു ഭാകർ – സരജ്യോത് സിങ് സഖ്യമാണ് ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സിലെ രണ്ടാമത്തെ മെഡൽ നേടിയത്.
ദക്ഷിണ കൊറിയയുടെ ഓ യെ ജിൻ – ലീ വുൻഹോ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇരുവരും വെങ്കലം നേടിയത്. കൊറിയൻ സഖ്യത്തിനെതിരെ 16-10-നായിരുന്നു ഇന്ത്യയുടെ ജയം. യോഗ്യതാ റൗണ്ടിൽ മൂന്നാമതെത്തിയാണ് മനു – സരബ്ജോത് സഖ്യം ഫൈനലിലേയ്ക്ക് കടന്നത്.
സ്വാതന്ത്യത്തിന് ശേഷം ഇന്ത്യയ്ക്കായി ഒരേ ഒളിമ്പിക്സിൽ ഇരട്ട സ്വർണം നേടുന്ന ആദ്യത്തെ താരമെന്ന നേട്ടവും ഇതോടെ മനു ഭാകർ സ്വന്തമാക്കി. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രവും മനു സ്വന്തം പേരിൽ എഴുതിച്ചേർത്തു.