ഫിഫ ലോകകപ്പ് ഫുട്ബോൾ കാണാൻ കരമാർഗം ഖത്തറിലേക്ക് എത്തുന്ന ആരാധകർ പാലിക്കേണ്ട നടപടി ക്രമങ്ങൾ അധികൃതർ പുറത്തുവിട്ടു. കരമാർഗം എത്തുന്നവർക്കായി സൗദി – ഖത്തര്‍ അതിർത്തി അബൂസംറയിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
നവംബർ 1 മുതല്‍ മുതൽ ഡിസംബർ 23 വരെയാണ് ലോകകപ്പ് ഫുട്ബോള്‍ കാണികൾക്ക് റോഡ് മാർഗം ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഖത്തറിലേക്ക് വരുന്നവരുടെ കൈവശം ഹയ്യാ പോർട്ടലിൽ റജിസ്റ്റർ ചെയ്ത പാസ്പോർട്ട് വേണം. ഫുട്ബോള്‍ കാണികളുടെ പ്രവേശനം എളുപ്പമാക്കാൻ അബു സംറ അതിർത്തിയിൽ പാസ്പോർട്ട് പരിശോധനാ കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. മണിക്കൂറിൽ 4,000 പേരെ സ്വീകരിക്കാൻ വലുപ്പമുള്ള കൂടാരവും സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു.
അതേസമയം വാണിജ്യ ആവശ്യങ്ങൾക്കായി എത്തുന്ന ട്രക്കുകൾക്ക് അർദ്ധരാത്രിക്ക് ശേഷം മാത്രമാണ് ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളത് . അബൂ സംറ ചെക്ക്പോസ്റ്റിൽ എത്തുന്നവർക്ക് ലക്ഷ്യസ്ഥാനത്തേക്ക് പോകാൻ സൗജന്യ ബസ് സർവീസുകൾ ഉൾപ്പെടെയുള്ള സേവനങ്ങളും തയാറാണ്. ദോഹയിലേക്ക് പോകാൻ ടാക്സിയും സജ്ജമാക്കും. അഞ്ചുദിവസത്തെ താമസ രേഖയും ഇൻഷുറൻസും ഉള്ളവർക്ക് മാത്രമേ സ്വന്തം വാഹനവുമായി ഖത്തറിലേക്ക് പോകാൻ അനുമതിയുള്ളൂ.
സ്വന്തം വാഹനവുമായി ഖത്തറിലേക്ക് പ്രവേശിക്കേണ്ടവർ 5000 റിയാലിൻ്റെ പെർമിറ്റ് എടുക്കണമെന്നും അധികൃതർ അറിയിച്ചു. ഖത്തറിൽ പ്രവേശിച്ച് 24 മണിക്കൂറിനകം തിരിച്ചു പോകുന്നവർക്ക് അബുസംറ അതിർത്തിയിൽ വിപുലമായ പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് അതിർത്തിയിൽ വാഹനം പാർക്ക് ചെയ്ത് ദോഹയിലേക്ക് ബസിൽ പോകാൻ സൌകര്യമുണ്ട്.