ദുബായ് പൊലീസിന് 100 എസ് യു വി വാഹനങ്ങൾ സംഭാവനയായി നല്‍കി പ്രമുഖ വ്യവസായി. അൽ ഹബ്തൂർ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഖലഫ് അഹമ്മദ് അൽ ഹബ്തൂരിയാണ് മിത്സുബിഷി പജേറോകൾ വാഹനങ്ങൾ ദുബായ് പൊലീസിന് സമ്മാനിച്ചത്. പൊതുജനങ്ങളെ സംരക്ഷിക്കാനുള്ള സേനയുടെ ശ്രമങ്ങളെ പിന്തുണച്ചുകൊണ്ടാണ് വാഹനങ്ങൾ വിതരണം ചെയ്തത്.
ദുബായ് ഡൗൺ ടൗണിലെ ഹബ്‌തൂർ പാലസിന് പുറത്ത് നിരത്തിയിരിക്കുന്ന പുതിയ പട്രോൾ കാറുകളു ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് ദുബായ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, ഓപറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈത്തി, തുടങ്ങി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിതരണചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്ത് സുരക്ഷിതത്വ ബോധം വർദ്ധിപ്പിക്കുന്നതിന് ദുബായ് പോലീസുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഖലഫ് അഹമ്മദ് അൽ ഹബ്തൂരി പറഞ്ഞു.
രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ സർക്കാരുമായി കൈകോർക്കുക എന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പൊലീസിന്റെ പെട്രോളിങ് സേനയ്ക്ക് പുതിയ വാഹനങ്ങൾ മുതൽക്കൂട്ടാകുമെന്ന് ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറയും വ്യക്തമാക്കി.
കഴിഞ്ഞ മാർച്ചിൽ ദുബായ് പോലീസ് തങ്ങളുടെ നിലവിലുള്ള ഫ്‌ളീറ്റിലേക്ക് 400 പട്രോൾ കാറുകൾ ചേർക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. 196 മില്യൺ ദിർഹം ചെലവ് വരുന്ന ഗിയാത്ത് സ്മാർട്ട് പട്രോൾ വാഹനങ്ങൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അവതരിപ്പിക്കാനും തീരുമാനമുണ്ട്. ഒക്ടോബര്‍ ആദ്യവാരം ഇലക്ട്രിക് വാഹനമായ ഹോങ്കി ഇ-എച്ച്എസ് 9 മോഡലും ദുബായ് പോലീസിന്റെ വാഹന ശേഖരത്തിലെത്തിയിരുന്നു.