ഗതാഗത തടസം നേരിട്ട ദുബായ് ഇക്വിറ്റി, മാക്‌സ് സ്‌റ്റേഷനുകൾക്കിടയിലെ മെട്രോ സർവീസ് പുനഃരാരംഭിച്ചു. റെഡ് ലൈനിലെ മെട്രോ സേവനങ്ങൾ പുനഃസ്ഥാപിച്ചതായി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് അറിയിച്ചത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇക്വിറ്റി, മാക്‌സ് സ്റ്റേഷനുകൾക്കിടയിൽ തടസമുണ്ടായതിനെത്തുടർന്ന് റെഡ് ലൈനിലെ മെട്രോ സേവനങ്ങൾ നിർത്തലാക്കിയത്. തുടർന്ന് സാങ്കേതിക തകരാറുകൾ മൂലം ഗതാഗതം പുനരാരംഭിക്കാൻ കാലതാമസമെടുക്കുമെന്ന് ആർടിഎ അധികൃതർ യാത്രക്കാരെ അറിയിക്കുകയായിരുന്നു. പിന്നീട് ഗതാഗത തടസം നേരിട്ട സ്റ്റേഷനുകളിൽ ബദൽ ബസ് സർവീസുകൾ ഏർപ്പെടുത്തുകയും ചെയ്തു.
തുടർന്ന് ഇന്ന് രാവിലെയാണ് റെഡ് ലൈനിലെ ഗതാഗത സേവനം പുനഃസ്ഥാപിച്ചതായി ആർടിഎ അറിയിച്ചത്. ബിസിനസ് ബേ, ദുബായ് മാൾ, ഫിനാൻഷ്യൽ സെൻ്റർ, എമിറേറ്റ്‌സ് ടവേഴ്‌സ്, വേൾഡ് ട്രേഡ് സെൻ്റർ, മാക്‌സ്, എഡിസിബി, ബർജുമാൻ, യൂണിയൻ, റിഗ്ഗ തുടങ്ങിയ സ്‌റ്റേഷനുകൾ ഈ റൂട്ടിലാണ് വരുന്നത്. അതുകൊണ്ടുതന്നെ ഈ റൂട്ടിലെ ഗതാഗത തടസം ജനങ്ങളെ സാരമായിത്തന്നെ ബാധിച്ചിരുന്നു.