ദുബായ് ജബൽ അലി ബീച്ച് വികസന പദ്ധതിയുടെ മാസ്റ്റർ പ്ലാനും ഡിസൈനുകളും അംഗീകരിച്ചതായി പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം. 6.6 കിലോമീറ്റർ നീളമുള്ള ജബൽ അലി ബീച്ച് ദുബായിലെ ഏറ്റവും ദൈർഘ്യമേറിയ തുറന്ന പൊതു ബീച്ചായിരിക്കും. 330 ഹെക്ടറാണ് പദ്ധതിയുടെ വിസ്തീർണ്ണം.
എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ജബൽ അലി ബീച്ച് വികസന പദ്ധതി പൂർത്തിയാക്കുക. നീന്തലിനായി രണ്ട് കിലോമീറ്റർ തുറന്ന കടൽത്തീരം, 2.5 കിലോമീറ്റർ ഡൈവിംഗ് സ്‌പോർട്‌സ് ഏരിയ, ഒരു നടപ്പാത, ഓരോ ദിശയിലും രണ്ടുവരിപ്പാത, 1,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, 80 സൈക്കിൾ റാക്കുകൾ, സൈക്ലിംഗ് ട്രാക്ക്, 5 കിലോമീറ്റർ റണ്ണിംഗ് ട്രാക്ക് എന്നിവയുൾപ്പെടെ പദ്ധതിയിൽ ഉൾപ്പെടുത്തും. എല്ലാ പ്രായത്തിലുമുള്ളവർക്കും ഒരുപോലെ ഉപയോഗപ്രദമായ മേഖലകളൊടെയാണ് ബീച്ച് ഒരുക്കുക.
എമിറേറ്റിലെ പൊതു ബീച്ചുകൾ വികസിപ്പിക്കുന്നതിനുള്ള വിശാലമായ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമാണ് ജബൽ അലി ബീച്ച് വികസന പദ്ധതിയെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. “എമിറേറ്റിലെ മൊത്തം ബീച്ചുകളുടെ നീളം 400 ശതമാനം വർദ്ധിപ്പിക്കാനാണ് ലക്ഷ്യം. ഇതിൽ പുതിയ പൊതു ബീച്ചുകൾ ചേർക്കുകയും നിലവിലുള്ള ബീച്ചുകൾ വർദ്ധിപ്പിക്കുകയും ചെയ്യും. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്തിരിക്കുന്നതുപോലെ പുതിയ വിനോദ, കായിക, നിക്ഷേപ സൗകര്യങ്ങളാൽ അവ സജ്ജീകരിക്കും” എന്നും ഷെയ്ഖ് ഹംദാൻ കൂട്ടിച്ചേർത്തു.