ദുബായിലെ പൊതുബസ് സർവീസിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാൻ ശ്രമിക്കുന്നതായി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ബസ് സർവീസ് നടത്താൻ പുറംജോലി കരാർ നൽകുന്ന കാര്യം പരിഗണനയിലാണെന്നാണ് ആർടിഎ ചെയർമാൻ മാത്തർ അൽ തായർ വ്യക്തമാക്കിയത്. പൊതുഗതാഗത മേഖലയിലെ നവീകരണത്തിന്റെ ഭാഗമായാണ് നടപടി.
പൊതുഗതാഗത രംഗം നവീകരിക്കുന്നതിന് ദുബായ് ആർടിഎ അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഓഹിയോ ട്രാൻസ്പോർട്ട് അതോറിറ്റിയുമായി (SORTA) ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമായി പുറത്തിറക്കിയ വാർത്തകുറിപ്പിലാണ് പൊതുബസ് സർവീസിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാൻ ശ്രമിക്കുന്നതായി ആർ.ടിഎ ചെയർമാൻ അറിയിച്ചത്.
ഈ രംഗത്തെ സാങ്കേതിക വിദ്യകളും നവീന ആശയങ്ങളും പരസ്‌പരം പങ്കുവെക്കാൻ ദുബായ് ആർ.ടി.എയും, SORTAയും തമ്മിൽ ധാരണയിലെത്തിയിരുന്നു. പൊതുമേഖലയിലെ സാങ്കേതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് ധാരണാപത്രത്തിൽ കൂടുതൽ പ്രധാന്യം നൽകുന്നത്.