18-ാം ലോക്‌സഭയുടെ സ്‌പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു. ശബ്ദ വോട്ടിനാണ് എൻഡിഎ സ്ഥാനാർത്ഥി ഓം ബിർലയെ സ്‌പീക്കറായി തിരഞ്ഞെടുത്തത്. തുടർച്ചയായി രണ്ടാം തവണയാണ് ഓം ബിർല സ്പീക്കർ സ്ഥാനത്തേയ്ക്കെത്തുന്നത്.
ചരിത്രത്തിലാദ്യമായാണ് ഇത്തവണ ലോക്സഭാ സ്പീക്കർ സ്ഥാനത്തേയ്ക്ക് വോട്ടെടുപ്പ് വേണമെന്ന ആവശ്യം ഉയർന്നത്. കൊടിക്കുന്നിൽ സുരേഷായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥി. ഓം ബിർലയെ സ്പീക്കറാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. ആദ്യ പ്രമേയം പാസായതിനാൽ മറ്റു പ്രമേയങ്ങൾ വോട്ടിന് പരിഗണിച്ചില്ല.
ഓം ബിർലയുടെ പേര് നിർദ്ദേശിച്ച് 13 പ്രമേയങ്ങളുണ്ടായിരുന്നു. കൊടിക്കുന്നിൽ സുരേഷിൻ്റെ പേരു നിർദ്ദേശിച്ച് 3 പ്രമേയങ്ങളുമെത്തി. ഓം ബിർലയുടെ പേര് നിർദ്ദേശിച്ചുള്ള ആദ്യ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അതിനെ പിന്താങ്ങി.