28 വര്‍ഷത്തെ മാധ്യമപ്രവർത്തന ജീവിതത്തിന് വിരാമമിട്ട് റിപ്പോർട്ടർ ടി.വി എഡിറ്റർ ഇൻ ചീഫ് എം.വി നികേഷ് കുമാർ. രാഷ്ട്രീയത്തിൽ സജീവമാകാനാണ് ഇനി നികേഷിന്റെ തീരുമാനം. അതിന്റെ ഭാഗമായി റിപ്പോർട്ടർ ടിവിയിലെ എഡിറ്റോറിയൽ ചുമതലയിൽ നിന്നും രാജിവെച്ച അദ്ദേഹം സിപിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്ന് വ്യക്തമാക്കി.
‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഎം അംഗമായി പ്രവർത്തിക്കും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസം കൊണ്ടാണ് ഈ തീരുമാനം’ എന്നാണ് നികേഷ് കുമാര്‍ വ്യക്തമാക്കിയത്.
കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.വി രാഘവന്റെയും സി.വി ജാനകിയുടെയും മകനായി 1973 മെയ് 28-നായിരുന്നു എം.വി നികേഷ് കുമാറിന്റെ ജനനം. മാധ്യമ പ്രവർത്തന മേഖലയോടുള്ള താത്പര്യത്താൽ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് നികേഷ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003-ൽ ഇന്ത്യവിഷന്‍ ചാനല്‍ തുടങ്ങിയപ്പോള്‍ അതിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന അദ്ദേഹം പിന്നീട് റിപ്പോര്‍ട്ടര്‍ ചാനല്‍ ആരംഭിച്ചു.
ഇതിനിടെ രാഷ്ട്രീയത്തിലേയ്ക്കും രംഗപ്രവേശം ചെയ്തിരുന്നു നികേഷ്. ഒന്നാം പിണറായി വിജയൻ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ചു. എന്നാൽ മുസ്ലിം ലീഗിലെ കെ.എം ഷാജിയോട് പരാജയപ്പെട്ട അദ്ദേഹം വീണ്ടും മാധ്യമപ്രവർത്തന രംഗത്ത് സജീവമാകുകയായിരുന്നു. ഇപ്പോൾ റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്ത് നിന്നാണ് നികേഷ് പടിയിറങ്ങുന്നത്.