ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. വിവിധ ആനുകൂല്യങ്ങളും യാത്രാ സൗകര്യങ്ങളുമാണ് അധികൃതർ യാത്രക്കാർക്കായി ഒരുക്കുന്നത്. ഇപ്പോൾ ബലിപെരുന്നാൾ അവധി ദിനത്തിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചവരുടെ കണക്കുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ).
പെരുന്നാൾ അവധി ദിവസങ്ങളിൽ പൊതുഗതാഗതം ഉപയോഗിച്ചത് 67 ലക്ഷത്തിലധികം പേരാണ്. കഴിഞ്ഞ വർഷത്തെ ബലിപെരുന്നാൾ അവധിക്കാലത്ത് ഉപയോക്താക്കളുടെ എണ്ണം 64 ലക്ഷമായിരുന്നു. ഇതിലാണ് ഇത്തവണ വർധനവുണ്ടായിരിക്കുന്നത്. വരും വർഷങ്ങളിൽ യാത്രക്കാരുടെ എണ്ണം ഇതിലും വർധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ചുവപ്പ്, പച്ച ലൈനുകൾ ഉപയോഗിക്കുന്ന ദുബായ് മെട്രോ യാത്രക്കാരുടെ എണ്ണം നിലവിൽ 25 ലക്ഷത്തിലെത്തിയപ്പോൾ ട്രാം യാത്രക്കാർ ഒരു ലക്ഷം കവിഞ്ഞു. പൊതു ബസ് യാത്രക്കാരുടെ എണ്ണം 14 ലക്ഷം, മറൈൻ ഗതാഗതം ഉപയോഗിച്ചവർ 2,80,000, ടാക്‌സി യാത്രക്കാർ 20 ലക്ഷം, ഷെയറിങ് വാഹനങ്ങളിൽ യാത്ര ചെയ്തവരുടെ എണ്ണം 3,50,000 എന്നിങ്ങനെയാണ്.