നാല് പതിറ്റാണ്ട് മുമ്പുള്ള ഒരു സ്വപ്നം , എമിറേറ്റ്സ് എയർലൈൻസിൻ്റെ രൂപീകരണത്തെ പറ്റി സോഷ്യൽ മീഡിയയിൽ മനസ്സുതുറന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എമിറേറ്റ്സ് എയർലൈൻസ് ഗ്രൂപ്പിലെ ഒരു കൂട്ടം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് അദ്ദേഹം ആദ്യകാലങ്ങൾ ഓർത്തെടുത്തത്.
ദുബായിൽ വിമാനത്താവളം സ്ഥാപിച്ച് ഏതാനും വർഷങ്ങൾക്ക് കഴിഞ്ഞപ്പോൾ മുൻ ഭരണാധികാരിയും തൻ്റെ പിതാവുമായ റാഷിദ് ബിൻ സയീദ് അൽ മക്തൂമാണ് ആ വലിയ ചുമതല തന്നെ ഏൽപ്പിച്ചത്. ദുബായിൽ ആദ്യത്തെ ടൂറിസ്റ്റ് തന്ത്രം ആരംഭിക്കുക, മറ്റെല്ലാ അറബ് രാജ്യങ്ങളിലെയും എയർലൈനുകളിൽ നിന്ന് വ്യത്യസ്തമായി എമിറേറ്റ്‌സിൻ്റെ സ്വകാര്യ ഉടമസ്ഥയിൽ വിമാനകമ്പനി ആരംഭിക്കുക എന്നിവ വലിയ വെല്ലുവിളിയായിരുന്നു.
ഏന്നാൽ താനും സഹോദരൻ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂമും ചേർന്ന് ലക്ഷ്യത്തിനായി അക്ഷീണം പ്രവർത്തനം ആരംഭിച്ചു.1984-ലാണ് എയർലൈൻ സർവീസ് കമ്പനിയുടെ ഡയറക്ടർ മൗറീസ് ഫ്ലാനഗനെ തൻ്റെ ഓഫീസിലേക്ക് ക്ഷണിച്ചത്. ആറ് മാസത്തിനുളളിൽ വിമാനങ്ങൾ പാട്ടത്തിനെടുത്ത് എമിറേറ്റ്സ് എയർലൈൻ്റെ ആദ്യഘട്ടം നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഇന്ന് ആയിരക്കണക്കിന് ജീവനക്കാരെ ഉൾക്കൊള്ളുന്ന കമ്പനിയായി എമിറേറ്റ് എയർലൈൻസ് വളർന്നുകഴിഞ്ഞു. 277 നഗരങ്ങളിലേക്ക് സേവനം എത്തിക്കാനായി. പ്രതിവർഷം 50 ദശലക്ഷത്തിലധികം ആളുകൾക്കാണ് യാത്രാസൌകര്യം ഒരുങ്ങുന്നത്. പ്രതിവർഷം 137 ബില്യൺ ദിർഹം കവിയുന്ന വരുമാനവും കമ്പനിക്കുണ്ട്.
എമറേറ്റസ് എയർലൈൻസിൻ്റെ പുരോഗതിയും നാഴികകല്ലുകളും വ്യക്തമാക്കിയ ഷെയ്ഖ് മുഹമ്മദ് നിങ്ങൾക്കും നിങ്ങളുടെ സ്വപ്നങ്ങൾക്കും ഇടയിൽ നിൽക്കാൻ ആരെയും അനുവദിക്കരുതെന്ന് അഭിപ്രായപ്പെട്ടു. ഒരാൾ സങ്കൽപ്പിക്കുന്ന എന്തും നേടിയെടുക്കാൻ നിശ്ചയദാർഢ്യം ഒരാളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇക്കാലത്തിനിടെ ദുബായ് മനുഷ്യരാശിയുടെ സംഗമസ്ഥലമായി മാറിയെന്നും ഒരു വലിയ അന്താരാഷ്‌ട്ര വിമാനത്താവളം തുറക്കുന്നതുൾപ്പടെ വലിയ സ്വപ്നം അവസാനിച്ചിട്ടില്ലെന്നും
ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.