കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 24 പേർ മലയാളികളാണെന്ന് നോർക്ക അധികൃതർ അറിയിച്ചു. ഇവരിൽ 17 പേരെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞത്. ബാക്കിയുള്ളവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം ദുരന്തത്തിൽ പരുക്കേറ്റവർക്ക് കുവൈത്തിൽ തന്നെ ആവശ്യമായ ചികിത്സ ഉറപ്പാക്കാനാണ് തീരുമാനം. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിനായി പ്രത്യേക വിമാനം കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ടെന്നും നോർക്ക സെക്രട്ടറി കെ. വാസുകി വ്യക്തമാക്കി. 15ന് ബലി പെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ ഇന്ന് വൈകിട്ടോടെ തന്നെ ചാർട്ടേർഡ് വിമാനത്തിൽ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം നടത്തുന്നത്.
ചെങ്ങന്നൂർ പാണ്ടനാട് വൻമഴി മണക്കണ്ടത്തിൽ മാത്യു തോമസ് (53), മലപ്പുറം തിരൂർ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പൻ്റെ പുരയ്ക്കൽ നൂഹ് (40), മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി.ബാഹുലേയൻ (36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27), കാസർകോട് തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി കേളു പൊന്മലേരി, ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശി സ്‌റ്റെഫിൻ ഏബ്രഹാം സാബു(29), പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ്.നായർ, കൊല്ലം സ്വദേശി ഷമീർ ഉമറുദ്ദീൻ, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54), കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു -48), പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ്(56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.