കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം കേരളക്കരയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ നാടും വീടും വിട്ട് കടലിനക്കരെ പോയി കഠിനാധ്വാനം ചെയ്തിരുന്നവരാണ് മരണത്തിന് കീഴടങ്ങിയത്. അക്കൂട്ടത്തിൽ കോട്ടയം പാമ്പാടി സ്വദേശിയും 29-കാരനുമായ സ്റ്റെഫിൻ എബ്രഹാം സാബുവിന്റെ വേർപാട് തീരാവേദനയായി മാറിയിരിക്കുകയാണ് കുടുംബത്തിന്.
അടുത്ത മാസം തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചിന് വരാനിരിക്കെയാണ് സ്റ്റെഫിന്റെ വേർപാട്. ഒരുപാട് സ്വപ്നം കണ്ട്, അധ്വാനിച്ചുണ്ടാക്കിയ തുകയെല്ലാം കൂട്ടിവെച്ചാണ് സ്റ്റെഫിൻ വീട് നിർമ്മാണം ആരംഭിച്ചത്. ഗൾഫിൽ ജോലി ചെയ്തും ലോണെടുത്തുമെല്ലാമായിരുന്നു സ്റ്റെഫിൻ വീട് നിർമ്മാണത്തിനുള്ള പണം കണ്ടെത്തിയത്. നിർമ്മാണം അവസാന ഘട്ടത്തിലേയ്ക്ക് അടുത്തതോടെ അടുത്ത മാസം പാലുകാച്ചനുള്ള തീരുമാനത്തിലുമെത്തി. എന്നാൽ ആ മുഹൂർത്തത്തിന് സാക്ഷിയാകാൻ ഇനി സ്റ്റെഫിന് സാധിക്കില്ലെന്ന് വിശ്വസിക്കാൻ കുടുംബത്തിന് ഇപ്പോഴും സാധിച്ചിട്ടില്ല.
2019ലാണ് സ്റ്റെഫിൻ കുവൈത്തിൽ മെക്കാനിക്കൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചത്. സ്റ്റെഫിന്റെ പിതാവ് കഴിഞ്ഞ മൂന്ന് വർഷമായി അർബുദബാധിതനായി ചികിത്സയിലാണ്. പെന്തക്കോസ് വിഭാഗത്തിന്റെ സഭാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സ്റ്റെഫിൻ സഭയിലെ കീബോർഡിസ്റ്റും ഗായകസംഘത്തിലുമെല്ലാം ഉൾപ്പെട്ടിരുന്നു. വീടിന്റെ നിർമ്മാണം കഴിഞ്ഞ് സ്റ്റെഫിന്റെ വിവാഹം നടത്തുന്നതിനായി ആലോചനകളും തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കുടുംബത്തെ കണ്ണീരിലാഴ്ത്തി സ്റ്റെഫിൻ വിടപറഞ്ഞത്.
സാബു-ഷെർലി ദമ്പതികളുടെ മൂത്തമകനാണ് സ്റ്റെഫിൻ. സ്റ്റെഫിൻ്റെ സഹോദരനും കുവൈത്തിൽ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. മറ്റൊരു സഹോദരൻ ഇസ്രായേലിൽ പി.എച്ച്.ഡി ചെയ്യുകയാണ്.