ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്, റായ്ബറേലി മണ്ഡലങ്ങളിൽ നിന്ന് അതീഗംഭീര വിജയം സ്വന്തമാക്കിയ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ. രണ്ട് മണ്ഡലങ്ങളിൽ എവിടെയാണ് അദ്ദേഹം എം.പിയായി തുടരുക എന്ന ആകാംക്ഷ നിലനിൽക്കുന്നതിനിടെയാണ് രാഹുലിന്റെ വയനാട് സന്ദർശനം. തന്നെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദിപറയാനാണ് രാഹുലെത്തുന്നത്. അതേസമയം, ഇവിടെ വെച്ച് താൻ തുടരുന്ന മണ്ഡലം ഏതാണെന്ന് വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
മലപ്പുറം ജില്ലയിലെ എടവണ്ണയിലും കല്പറ്റയിലുമായാണ് രാഹുൽ ഗാന്ധിക്ക് സ്വീകരണം ഒരുക്കുന്നത്. വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി വിടവാങ്ങൽ പ്രസംഗമാവുമോ നടത്തുക എന്ന ആശങ്കയിലാണ് ജനങ്ങൾ. രാഹുൽ റായ്ബറേലിയിൽ തുടരണമെന്നാണ് ഇന്ത്യമുന്നണിയുടേയും എ.ഐ.സി.സിയുടേയും അഭിപ്രായമെങ്കിലും രാഹുൽഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. യു.പിയിൽ എൻ.ഡി.എ. മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തിൽ രാഹുൽ റായ്ബറേലിയിൽതന്നെ തുടരാൻ നിർബന്ധിതനാവും. എന്നാൽ അദ്ദേഹത്തിന് വയനാട്ടിൽ തുടരാനാണ് താത്പര്യമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
രാഹുൽ വയനാട് മണ്ഡലം ഒഴിയുകയാണെങ്കിൽ പ്രിയങ്കാഗാന്ധിയെ ഇവിടെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്. രാഹുൽ നിലപാട് വ്യക്തമാക്കാത്തതിനാൽ എന്താകും സംഭവിക്കുകയെന്നതിൽ അവ്യക്തത തുടരുകയാണ്. എന്തായാലും ഇക്കാര്യത്തിൽ 17നുള്ളിൽ തീരുമാനമുണ്ടാകും.