സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്‌ദുൽ റഹീമിൻ്റെ മോചനത്തിനായി ഇനി അധികം കാത്തിരിക്കേണ്ട ആവശ്യമില്ല. മോചനത്തിനായി സ്വരൂപിച്ച ദയാധനം റിയാദ് കോടതിയിൽ എത്തിച്ചു. റിയാദ് ഗവർണറേറ്റിൽ നിന്നുള്ള 34 കോടി രൂപയുടെ ചെക്കാണ് കോടതിയിൽ എത്തിച്ചത്. ഇതോടെ കേസ് അവസാന ഘട്ട നടപടികളിലേക്ക് കടന്നു.
നിലവിൽ പെരുന്നാൾ അവധിയിലാണ് കോടതി. അവധി കഴിഞ്ഞ് കോടതി തുറന്നാലുടൻ കേസിന്റെ തുടർനടപടികളിലേയ്ക്ക് കടക്കും. ഇരു വിഭാഗങ്ങൾക്കും ഹാജരാകാനുള്ള നോട്ടീസ് അയക്കുകയാണ് അടുത്ത ഘട്ടം. തിയതിയും സമയവും അറിയിച്ചുള്ള നോട്ടീസാണ് കോടതിയിൽ നിന്ന് നൽകുക.
അതിനുശേഷം ഇരുവിഭാഗവും കോടതിയിൽ എത്തി ഒത്തുതീർപ്പ് വ്യവസ്ഥകളിൽ ഒപ്പുവയ്ക്കുന്നതോടെ റഹീമിന്റെ മോചനവും സാധ്യമാകും. ഈ മാസം അവസാനത്തോടെ റഹീമിനെ മോചിപ്പിച്ച ശേഷം നാട്ടിലേക്ക് തിരിച്ചയയ്ക്കാനാണ് സഹായ സമിതി ശ്രമിക്കുന്നത്.