യുഎഇയിൽ ഇനി ഭവനവായ്പ അതിവേഗം ലഭ്യമാകും. പുതിയ ഗവൺമെൻ്റ് പ്രൊജക്റ്റിൽ ഭവനവായ്പയുമായി ബന്ധപ്പെട്ട അപേക്ഷകളുടെ നടപടി ക്രമങ്ങൾ ലഘൂകരിച്ചിരിക്കുകയാണ് അധികൃതർ. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വായ്പാ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി അംഗീകാരം ആവശ്യമുള്ള രേഖകളുടെ എണ്ണം 10ൽ നിന്ന് രണ്ടായി കുറയ്ക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ഒരു വർഷത്തിനുള്ളിൽ 2,000 സർക്കാർ പ്രക്രിയകൾ ഒഴിവാക്കുകയും 50 ശതമാനം സമയം കുറയ്ക്കുകയും ചെയ്യുന്ന ‘മൻസിലി’ ഹൗസിംഗ് സർവീസ് ബണ്ടിലാണ് നടപ്പിലാക്കുന്നത്. ബണ്ടിൽ 18 ഭവന സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം സേവന ഫീൽഡുകൾ 32-ൽ നിന്ന് 5 ആയി കുറയ്ക്കുകയും ചെയ്യും.
പൗരന്മാർക്ക് 1.68 ബില്യൺ ദിർഹത്തിന്റെ ഭവന നിർമ്മാണത്തിനുള്ള അംഗീകാരവും ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു. ഷെയ്ഖ് സായിദ് ഹൗസിംഗ് പ്രോഗ്രാമിന് കീഴിൽ അനുവദിച്ച ഈ തുക പൗരന്മാർക്കായി മൊത്തം 2,160 പുതിയ വീടുകളാണ് കവർ ചെയ്യുക. യുഎഇയുടെ സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി പ്രോഗ്രാമിൻ്റെ ഭാഗമായാണ് ഒരു സ്ട്രീംലൈൻഡ് ഹൗസിംഗ് ലോൺ പ്രോസസ് വരുന്നത്. ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് 2,000 നടപടിക്രമങ്ങൾ വെട്ടിക്കുറയ്ക്കുകയും പകുതി വർഷത്തിനുള്ളിൽ പ്രോസസിഗ് കാലയളവ് കുറയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യം.