ഷാർജയിലെ കൽബയിലെ ഒരു കുന്നിൻ മുകളിൽ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള പുതിയ കെട്ടിടം ഉയരുന്നു. പർവതങ്ങളുടെയും താഴ്വരകളുടെയും തീരത്തിൻ്റെയും വിശാലമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർമാണത്തിലിരിക്കുന്ന പദ്ധതി പ്രദേശം സന്ദർശിച്ചു.
ജബൽ ഡീമിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 850 മീറ്റർ ഉയരത്തിയെ നിർമ്മിക്കുന്ന കെട്ടിടത്തിന് രണ്ട് നിലകളുണ്ട്: ആദ്യത്തേതിൽ ഒരു റെസ്റ്റോറൻ്റ്, ഒരു തുറന്ന കഫേ, ഒരു വായനശാല എന്നിവ ഉണ്ടായിരിക്കും. താഴത്തെ നിലയിൽ സന്ദർശരെ ആകർഷിക്കുന്ന വിവിധ പ്ലാറ്റ്ഫോമുകൾക്ക് പുറമെ ഒരു മൾട്ടി പർപ്പസ് ഹാൾ, പ്രാർത്ഥനാമുറി എന്നിവയുമുണ്ടാകും
പദ്ധതിയുടെ ഭാഗമായി 4,500-ലധികം മരങ്ങൾ നട്ടുപിടിപ്പിക്കുകയും പാറകൾ നിറഞ്ഞ പ്രദേശം ഹരിതാഭമാക്കുകയും ചെയ്യും. ഒലിവ്, ആപ്പിൾ, മാതളനാരങ്ങ, മുന്തിരി മരങ്ങൾ എന്നിവയാണ് നട്ടുവളർത്തുന്ന മരങ്ങളിൽ പ്രധാനം. കുട്ടികൾക്കായി ഓപ്പൺ തിയേറ്റർ, കളിസ്ഥലം എന്നിവയുമുണ്ടാകും.
ഒരു ഫുട്ബോൾ സ്റ്റേഡിയവും 100 മുറികളുള്ള ഹോട്ടലും മലയിൽ പദ്ധതിക്ക് സമീപം നിർമ്മിക്കും. സമുദ്രനിരപ്പിൽ നിന്ന് 650 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന സ്റ്റേഡിയം നഗരത്തേക്കാൾ 10 ഡിഗ്രി തണുപ്പുള്ളതാണെന്നും ഫുട്ബോൾ കളിക്കാർക്ക് ഈർപ്പം ഇല്ലാത്ത അവസ്ഥയിൽ കളിക്കാൻ കഴിയുന്നതുമാണ്.
ഷാർജയിൽ സമാന രീതിയിൽ നടപ്പിലാക്കുന്ന രണ്ടാമത്തെ പദ്ധതിയാണിത്. 2021-ൽ ഷാർജ ഭരണാധികാരി ഖോർഫക്കാൻ്റെ മുകളിൽ 600 മീറ്റർ ഉയരമുള്ള അൽ സുഹുബ് റെസ്റ്റ് ഏരിയ ഉദ്ഘാടനം ചെയ്തിരുന്നു.