തന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാൻ. ഷാരൂഖ് ഖാന്റെയും ഭാര്യ ഗൗരി ഖാന്റെയും ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിർമ്മാണക്കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സിലെ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പരസ്യങ്ങൾ വ്യാജമാണെന്നാണ് താരം വ്യക്തമാക്കിയത്.
“റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ, പ്രത്യേകിച്ച് വാട്ട്സ്ആപ്പിൽ വ്യാജ ഓഫറുകൾ പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. റെഡ് ചില്ലീസ് എന്റർടയ്ൻമെൻ്റ് വാട്ട്സ്ആപ്പ് വഴിയോ മറ്റേതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയോ എന്തെങ്കിലും തരത്തിലുള്ള തൊഴിലോ മറ്റ് അവസരങ്ങളോ വാഗ്ദാനം ചെയ്യുന്നില്ലെന്ന് ഞങ്ങൾ വ്യക്തമാക്കുന്നു” എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സിലെ തൊഴിലവസരങ്ങൾ സംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്നുണ്ട്.
ഇതിലാണ് ഷാറൂഖ് ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്. കമ്പനി ഔദ്യോഗികമായാണ് പരസ്യങ്ങൾ വ്യാജമാണെന്ന് അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റിൽ നിന്നുള്ള യഥാർത്ഥ അവസരങ്ങൾ തങ്ങളുടെ ഔദ്യോഗിക ചാനലുകളിലൂടെ മാത്രമേ അറിയിക്കൂ എന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.