പ്രവാസലോകത്ത് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുക എന്നത് നിസാര കാര്യമല്ല. പലപ്പോഴും സ്വന്തം ആവശ്യങ്ങളും സമയവും മാറ്റിവെച്ചാണ് പലരും മറ്റുള്ളവരുടെ ദു:ഖങ്ങൾക്കും ദുരിതങ്ങൾക്കും പരിഹാരം കാണാനിറങ്ങിത്തിരിക്കുന്നത്. പ്രതിഫലമായി യാതൊന്നും ആഗ്രഹിക്കാതെ മനുഷ്യത്വം മാത്രം പരിഗണിച്ചാണ് സാമൂഹികപ്രവർത്തകർ സേവനം ചെയ്യുന്നത്. അത്തരത്തിൽ പ്രവാസ ലോകത്ത് തന്റെ സേവനപ്രവർത്തനങ്ങളുടെ നാല് പതിറ്റാണ് പിന്നിടുകയാണ് പി.എം ജാബിർ.
ഒമാന്‍ കേന്ദ്രീകരിച്ച് ജാബിർ തന്റെ സാമൂഹിക പ്രവർത്തനം ആരംഭിച്ചത് 1982-ലാണ്. ഒമാനിൽ മരണമടഞ്ഞ 4,000 ലധികം ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് മുൻകയ്യെടുത്ത ഇദ്ദേഹം ആയിരക്കണക്കിന് തൊഴിലാളികൾക്ക് അവരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുൻപന്തിയിലുണ്ടായിരുന്നു. രോഗം മൂലവും അപകടം മൂലവും ദുരിതമനുഭവിച്ചവരുടെ ആശുപത്രി ചെലവുകൾ, അവരെ നാട്ടിലെത്തിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ, ജയിലിൽ കഴിയേണ്ടി വന്നവരുടെ മോചനത്തിനായുള്ള പ്രവർത്തനങ്ങൾ, രേഖകളില്ലാതെ ഒമാനിൽ കഴിഞ്ഞ കുടിയേറ്റ തൊഴിലാളികൾക്ക് പിഴയടക്കാതെ നാട്ടിലേയ്ക്ക് തിരിച്ചു പോവുന്നതിനുള്ള നടപടികൾ തുടങ്ങി എല്ലാ മേഖലകളിലും ജാബിർ നിറസാന്നിധ്യമായിരുന്നു.
സ്പോൺസർമാരുടെ പീഡനത്തിൽ നിന്നും മനുഷ്യക്കടത്തുകാരുടെ കെണിയിൽ നിന്നും നൂറുകണക്കിന് യുവതികളെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കുന്നതിന് മുൻകയ്യെടുത്ത ജാബിറിന് പലപ്പോഴും അവയുടെ പേരിൽ വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ട് എന്നതാണ് വാസ്തവം. ഇന്ത്യക്കാർക്ക് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കും അദ്ദേഹം പുതിയ ജീവിതം നൽകിയിട്ടുണ്ട്. കേരള പ്രവാസി ക്ഷേമനിധിയുടെ സ്ഥാപക ഡയറക്ടർ ബോർഡ് അംഗം, കൈരളിയുടെ ജനറൽ സെക്രട്ടറി, ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം നിലവിൽ കേരളാ എൻ.ആർ.ഐ കമ്മീഷൻ അംഗവും ലോക കേരള സഭ അംഗവുമാണ്.
പ്രവാസ ലോകത്തെ മികച്ച പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ടൈംസ് നൗ/ഐസിഐസിഐയുടെ 2016ലെ എൻആർഐ ഓഫ് ദി ഇയർ, പ്രിയദര്‍ശിനി അവാര്‍ഡ്, ഷിഫ അല്‍ ജസീറ അവാര്‍ഡ്, കുവൈത്ത് കേന്ദ്രമായുള്ള കേരള ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്റെ രമേശ് സ്മാരക അവാര്‍ഡ്, ഒമാനിലെ തെലുഗു കമ്മ്യൂണിറ്റി അവാർഡ് തുടങ്ങി നിരവധി അവാർഡുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതിനുപുറമെ മാസ് സ്ഥാപക നേതാവായ മാധവൻ പാടിയുടെ സ്മരണാർത്ഥം മാസ് ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡിനും ജാബിർ അർഹനായി.