യുഎഇയിൽ താപനില ഉയരുന്നതിനാൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശങ്ങളുമായി ഗതഗത വകുപ്പ്. ചൂട് 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയത് ടയറുകളേയും മറ്റും ബാധിക്കാതിരിക്കാനാണ് മുൻകരുതൽ നിർദ്ദേശം. വാഹനങ്ങൾ പതിവായി പരിശോധിച്ച് അപകടമില്ലെന്ന് ഉറപ്പാക്കണമെന്ന് ദുബായ് ഗതാഗത അതോറിറ്റി ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.
വാഹനങ്ങളുടെ ശരിയായ അറ്റകുറ്റപ്പണികൾ പെട്ടെന്നുള്ള തകരാറുകളിൽനിന്നും അപകടങ്ങളിൽനിന്നും സുരക്ഷയൊരുക്കും. വേനൽക്കാല ബോധവത്കരണത്തിനും ഗതാഗതക വകുപ്പ് തുടക്കമിട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ‘സേഫ് സമ്മർ’ ഡ്രൈവിന് അനുസൃതമായാണ് ക്യാമ്പൈൻ.
വാഹനങ്ങളുടെ ടയറുകൾ,ബ്രേക്കുകൾ,ഓയിൽ,കൂളിംഗ് ലിക്വിഡ്സ്, എയർ കണ്ടീഷനിംഗ് ,ബാറ്ററികൾ,ലൈറ്റുകൾ,വിൻഡ്ഷീൽഡ് വൈപ്പറുകൾ എന്നിവ പ്രവർത്തനക്ഷമവും കാലഹരണപ്പെട്ടതല്ലെന്നും ഉറപ്പാക്കണമെന്നാണ് പ്രധാനനിർദ്ദേശം. സോഷ്യൽ മീഡിയ, ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കാർ ഡീലർഷിപ്പുകൾ, മാളുകൾ എന്നിവിടങ്ങളിലൂടെയാണ് ക്യാമ്പൈൻ പുരോഗമിക്കുന്നത്.