ദുബായിൽ കൂടുതൽ പാർക്കിങ് സ്ഥലങ്ങൾ ആരംഭിക്കാനൊരുങ്ങി അധികൃതർ. ദുബായിലെ ആറ് പ്രധാന സ്ഥലങ്ങളിലായി 7,500 പണമടച്ചുള്ള പാർക്കിംഗ് ഇടങ്ങളാണ് ആരംഭിക്കുക. കൂടുതൽ പണമടച്ചുള്ള പൊതു പാർക്കിംഗ് സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ജൂലൈ മാസത്തോടെയാണ് ദുബായിൽ പുതിയ പാർക്കിങ് സ്ഥലങ്ങൾ ആരംഭിക്കുക. പുതിയ പാർക്കിംഗ് ലൊക്കേഷനുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ രാത്രി 10 വരെയായിരിക്കും പ്രവർത്തിക്കുക. എന്നാൽ പ്രീമിയം പാർക്കിങ് സ്ഥലങ്ങൾക്ക് ഉയർന്ന ഫീസ് നൽകേണ്ടിവരും.
ഐപിഒയ്ക്ക് ശേഷം ദുബായിലുടനീളം 7,000-ലധികം പാർക്കിംഗ് സ്‌പെയ്‌സുകൾ പ്രവർത്തിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള കരാർ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പാർക്കിങ് സ്പെയ്സ് ഓപ്പറേറ്റർ കമ്പനിയായ പാർക്കിൻ നേടിയിട്ടുണ്ട്. നാല് വർഷത്തെ കരാറിന് കീഴിൽ, പാർക്കിംഗ് ചട്ടങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താനുള്ള പ്രത്യേക അവകാശങ്ങളോടെ, മൊത്തം 7,456 പാർക്കിംഗ് സ്ഥലങ്ങളുടെ പ്രവർത്തനം, മാനേജ്മെൻ്റ്, എൻഫോഴ്‌സ്‌മെൻ്റ് എന്നിവയ്ക്കാണ് പാർക്കിൻ മേൽനോട്ടം വഹിക്കുക.