സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ പുസ്തകം ഉടൻ വരുന്നു. ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ച് ശിവശങ്കർ താലി കെട്ടി കുങ്കുമം ചാർത്തി കൈവിടില്ലെന്ന് ഉറപ്പ് നൽകിയെന്ന് സ്വപ്ന സുരേഷ് പുതിയ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.താൻ ശിവശങ്കറിൻ്റെ പാർവതിയായിരുന്നു എന്നാണ് സ്വപ്ന പറയുന്നത്.
സ്വർണ്ണക്കടത്ത് കേസിലുണ്ടായ വിവാദങ്ങളെ കുറിച്ചാണ് ആത്മകഥാരൂപത്തിലുള്ള പുസ്തകം. ‘ചതിയുടെ പത്മവ്യൂഹം’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം തൃശൂർ കറൻ്റ് ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റിന് മുമ്പിൽ വെളിപ്പെടുത്തിയതും അല്ലാത്തതുമായ പല കാര്യങ്ങളും പുസ്തകത്തിൽ ഉണ്ടെന്നാണ് സൂചന.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ചെന്നൈയിൽ വച്ച് സ്വപ്നയെ വിവാഹം കഴിച്ചിരുന്നു എന്ന വെളിപ്പെടുത്തലുകളടക്കം പുസ്തകത്തിലുണ്ടെന്നാണ് സ്വപ്ന തന്നെ സൂചിപ്പിക്കുന്നത്. കൂടാതെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ, മുൻ മന്ത്രി കെടി ജലീൽ, നളിനി നെറ്റോ, സി എം രവീന്ദ്രൻ എന്നിവർക്കെതിരെയും വെളിപ്പെടുത്തലുകൾ ഉണ്ടെന്നാണ് വിവരം. സർക്കാരിന് തുടർഭരണം ലഭിക്കാനാണ് താൻ ആദ്യഘട്ടത്തിൽ സർക്കാരിന് സ്വർണ്ണക്കടത്തുമായി ബന്ധമില്ല എന്ന തരത്തിൽ ശബ്ദ സന്ദേശം പുറത്തുവിട്ടത് എന്നും ചതിയുടെ പത്മവ്യൂഹത്തിൽ പറഞ്ഞിട്ടുണ്ട്.
ഈ മാസം പന്ത്രണ്ടിന് പുസ്തകം പുറത്തിറങ്ങുമെന്നാണ് സൂചന.