ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ദ്ധക്യ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന ആരോഗ്യനില ഗുരുതരമായതോടെ കഴിഞ്ഞ ഞായറാഴ്ച ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെയാണ് അന്ത്യം സംഭവിക്കുന്നത്.
പിന്നാക്കവിഭാഗങ്ങൾക്ക് വേണ്ടി നിലയുറപ്പിക്കുകയും ശക്തിയായി ഉയരുകയും ചെയ്ത മുലായം സിംഗം ആശയം ജ്വലിപ്പിച്ച് ദേശീയരാഷ്‌ട്രീയത്തെയും ഉത്തർപ്രദേശിനെയും പതിറ്റാണ്ടുകൾ ചലനാത്മകമാക്കിയ സോഷ്യലിസ്‌റ്റ് നേതാവായിരുന്നു. 1989 മുതല്‍ 2007 വരെയുളള കാലയളവില്‍ മൂന്നുതവണ യുപിയുടെ മുഖ്യമന്ത്രിയായി. ദേവഗൗഡ, ഐ കെ ഗുജ്‌റാൾ സർക്കാരുകളിൽ കേന്ദ്ര പ്രതിരോധ മന്ത്രിയുമായി. നിലവില്‍ മെയ്ന്‍പുരിയില്‍നിന്നുള്ള ലോക്‌സഭാംഗമാണ്. അസംഗഢില്‍നിന്നും സംഭാലില്‍നിന്നും പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. പത്ത് തവണ നിയമസഭയിലേയ്‌ക്കും ഏഴ് തവണ ലോക്‌സഭയിലേയ്‌ക്കും തെരഞ്ഞെടുക്കപ്പെട്ടു
രാം മനോഹർ ലോഹ്യയുടെയും രാജ്‌നാരായണന്റെയും ആശയങ്ങളിൽ ആകൃഷ്ടനായി പൊതുരംഗത്ത് സജീവമായ മുലായം സിംഗ് ഇടത് നേതാക്കളുമായും ആത്മബന്ധം സൂക്ഷിച്ചു.
അടിയന്തരാവസ്ഥയിൽ 19 മാസം ജയിൽവാസം അനുഭവിച്ചു. 1967ൽ ജസ്വന്ത്‌നഗറിൽനിന്ന് ആദ്യമായി നിയമസഭാംഗമാകുമ്പോൾ 28 വയസ്സായിരുന്നു പ്രായം. പിന്നീട് ഭാരതീയ ക്രാന്തിദൾ, ഭാരതീയ ലോക്‌ദൾ, ജനതാദൾ, സമാജ്‌വാദി പാർടി എന്നീ പാർടികളുടെ സ്ഥാനാർഥിയായി. 1992ലാണ് സമാജ്‌വാദി പാർടി രൂപീകരിച്ചത്.
ജാതി രാഷ്ട്രീയം പരസ്യമാക്കാതെയും പിന്നാക്ക രാഷ്ട്രീയം പറയാതെ പറഞ്ഞും മുസ്‌ലിം വിഭാഗത്തിന്റെ ആരാധനാപാത്രമായും മുലായം നടത്തിയ രാഷ്ട്രീയ മെയ്വഴക്കം ദേശീയതലത്തില്‍ ശ്രദ്ധേയമാണ്. ബിഹാറിലെ ശക്തനായ ലാലു പ്രസാദ് യാദവിനേയും ഒപ്പം കൂട്ടി ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ശക്തയായി മാറിയതും രാഷ്ട്രീയ നേട്ടമാണ്. സമകാലിക ദേശീയ രാഷ്ട്രീയത്തിലെ ശക്തനായ വ്യക്താവ് കൂടിയായിരുന്നു മുലായം സിംഗ് യാദവ്. യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാർടി ദേശീയ അധ്യക്ഷനുമായ അഖിലേഷ് യാദവ് മകനാണ്.