പാലക്കാട് വടക്കഞ്ചേരി ബസ് അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.രാഷ്ട്രപതി ദ്രൌപതി മുർമുവും ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും കേന്ദ്രം അറിയിച്ചു.
അര്‍ദ്ധരാത്രിയിലുണ്ടായ ബസപകടത്തില്‍ അതിരൂക്ഷ വിമര്‍ശനവുമാണ് ഹൈക്കോടതി ഉയർത്തിയത്. ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളോ നിരോധിത ഹോണുകളോ പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നൽകി. അത്തരം പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ വാഹനങ്ങള്‍ പിടിച്ചെടുക്കണമന്ന് ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്വമേധയാ കേസെടുത്തുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും വിശദീകരണം നല്‍കാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നൽകി.
കൂടാതെ, അപകടമുണ്ടാക്കിയ ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്ന് കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ചോദിച്ചു. ടൂറിസ്റ്റ് ബസുകളിലെ ഫ്ലാഷ് ലൈറ്റുകളും ഹോണുകളും മറ്റ് ശബ്ദ സംവിധാനവും സംബന്ധിച്ച് നേരത്തെ തന്നെ കോടതി നല്‍കിയിട്ടുള്ള നിർദേശങ്ങൾ ലംഘിച്ചെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് കോടതി കർശനമായി പറഞ്ഞത്.
സ്പീഡ് ഗവര്‍ണര്‍ സംവിധാനം പോലും ഇല്ലാതെയാണ് അപകടത്തില്‍പ്പെട്ട ലുമിനസ് ബസ് ഓടിയതെന്ന് കണ്ടെത്തിയിരുന്നു. 60 കിലോമീറ്റര്‍ വേഗതയാണ് ടൂറിസ്റ്റ് ബസുകള്‍ക്കായി നിജപ്പെടുത്തിയിട്ടുള്ള വേഗത. ഇത്തരത്തില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയെങ്കിലും പരിശോധ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെ വാഹനങ്ങളില്‍ നിന്ന് സ്പീഡ് ഗവര്‍ണര്‍ നീക്കം ചെയ്താണ് ഇവ ഓടിക്കുന്നത്. നേരത്തെയും ലുമിനസിന് വേഗത ലംഘിച്ചതിന് നോട്ടീസ് ലഭിച്ചിട്ടുള്ളതാണ്. ഇതോടൊപ്പം ആഡംബര ലൈറ്റുകളും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും ഘടിപ്പിച്ചതിനും ലുമിനസ് ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കുകയും ബസിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതാണ്. മാത്രമല്ല, അപകടത്തില്‍പ്പെട്ട കെഎല്‍ 15 എ 1313 എന്ന കെഎസ്ആര്‍ടിസി ബസും 2019 ല്‍ വേഗതാപരിധി ലംഘിച്ചതിന് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട വാഹനമാണ്.