യുഎഇയിൽ കളഞ്ഞുകിട്ടിയ പണം പൊലീസിന് കൈമാറി സത്യസന്ധത തെളിയിച്ച് യുവാവ്. ഈജിപ്ഷ്യൻ സ്വദേശിയായ അബ്ദുൽ ഫത്താഹ് മഹ്മൂദ് അബ്ദുൽ ഫത്താഹ് ആണ് കളഞ്ഞുകിട്ടിയ 1,49,000 ദിർഹം പൊലീസിന് കൈമാറി മാതൃകയായത്.
അജ്മാനിലെ എടിഎം കൗണ്ടിൽ നിന്നാണ് അബ്ദുൽ ഫത്താഹിന് 1,49,000 ദിർഹം ലഭിച്ചത്. ഉടൻതന്നെ ഇദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തി യാഥാർത്ഥ ഉടമയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് പണം കൈമാറുകയായിരുന്നു. യുവാവിന്റെ സത്യസന്ധതയെയും ധാർമ്മികതയെയും പ്രശംസിച്ച പൊലീസ് അധികൃതർ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
പ്രശംസാപത്രം നൽകിയാണ് അജ്മാൻ പൊലീസ് അബ്ദുൽ ഫത്താഹിന്റെ സത്യസന്ധതയെ ആദരിച്ചത്. പൊലീസിന്റെ അംഗീകാരത്തിന് നന്ദി പറഞ്ഞ അദ്ദേഹം ഇത്തരം പ്രവൃത്തികൾ സമൂഹത്തോടുള്ള ജനങ്ങളുടെ കടമയാണെന്നും വ്യക്തമാക്കി.